കോഴിക്കറി വച്ചത് പൊല്ലാപ്പായി; ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

 

കുമളി ; ഒരു കോഴിക്കറി വരുത്തി വച്ച പുകിലിന്റെ പിറകേയാണ് ഇന്ന് വനം വകുപ്പ് . പെരിയാര്‍ വന്യജീവി സങ്കേതത്തിലാണ് സംഭവം . ഈസ്റ്റ് ഡിവിഷനിലെ ജീവനക്കാരനാണ് കറിവച്ചത് . അല്‍പ്പം സഹപ്രവര്‍ത്തകനും കഴിയ്ക്കാന്‍ നല്‍കി . കറി കഴിച്ച് കഴിഞ്ഞപ്പോഴാണ് ഇത് നാട്ടുകോഴിയാണോ,കാട്ടുകോഴിയാണോയെന്ന സംശയം തലപൊക്കിയത് .

Loading...

തന്റെ സംശയം ഉടനെ ഫോണില്‍ ഉന്നതോദ്യോഗസ്ഥനെ അറിയിച്ചു . തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചു . കറി വച്ച ഉദ്യോഗസ്ഥനെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അത് നാട്ടുക്കോഴിയാണെന്ന് അയാള്‍ മറുപടി നല്‍കി . എന്നാല്‍ മേലുദ്യോഗസ്ഥന്‍ തനിക്ക് ലഭിച്ച പരാതി ജീവനക്കാരനെ കേള്‍പ്പിച്ചു . താന്‍ കറി നല്‍കിയ സഹപ്രവര്‍ത്തകന്‍ തന്നെയാണ് ഇതിനു പിന്നില്ലെന്ന് മനസ്സിലാക്കി ഓഫീസില്‍ മടങ്ങിയെത്തിയതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കവും ,അടിയുമായി . ഒടുവില്‍ മറ്റ് ജീവനക്കാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി . ഇനിയും രണ്ട് പേരും ഒരേ സ്ഥലത്ത് ജോലി ചെയ്താല്‍ വീണ്ടും കുഴപ്പമാകും എന്നതിനെ തുടര്‍ന്ന് കോഴിക്കറി വച്ചയാളെ 15 കിലോമീറ്റര്‍ അകലെയുള്ള റേഞ്ചിലേയ്ക്ക് വനം വകുപ്പ് സ്ഥലം മാറ്റി .

എന്തായാലും ഇനി വീട്ടില്‍ കോഴിക്കറി വയ്ക്കുന്നുണ്ടെങ്കില്‍ കോഴിയെ വാങ്ങിയ കടയില്‍ നിന്നുള്ള ബില്ലും കോഴിയുടെ ഫോട്ടോയും സൂക്ഷിച്ചുവയ്‌ക്കേണ്ടി വരുമെന്നാണ് വനപാലകര്‍ക്കിടയിലെ സംസാരം.