നീതി പ്രതികാരമായാല്‍ അതിന്‍റെ സ്വഭാവം മാറും: ചീഫ് ജസ്റ്റിസ് ബോബ്ഡെ

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡേ. നീതി എന്നാല്‍ പ്രതികാരമല്ലെന്ന് എസ്‌എ ബോബ്‌ഡെ പറഞ്ഞു. നീതി എന്നാല്‍ പ്രതികാരമല്ല. പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടമാകും. നീതി തല്‍ക്ഷണം ഉണ്ടാകില്ല. നീതി ഉടനടി ലഭിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എത്തിയ രണ്ട് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മുന്നല്‍ നില്‍ക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ ഈ പ്രതികരണം. ഈ ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. ഹൈദരാബാദില്‍ ബലാത്സംഗ കേസ് പ്രതികളെ വെടിവച്ചുകൊന്ന പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകരായ ജിഎസ് മണിയും പ്രദീപ് കുമാര്‍ യാദവുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് പോലീസ് പ്രവര്‍ത്തിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Loading...

തെലങ്കാന ഹൈക്കോടതിയിലും ഇന്നലെ സമാനമായ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതു ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു തടഞ്ഞിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ്, വെറ്ററിനറി ഡോക്ടറെ ബലാത്സംഗ ചെയ്തു തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നത്. തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതികള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നും രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറഞ്ഞത്.

കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസിനെതിരെ മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. പോലീസ് നടപടി കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്ന് കമാല്‍ പാഷ പറഞ്ഞു.

‘വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആ സംഭവത്തിലെ കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അത് വധശിക്ഷയാണ്.’

എന്നാല്‍ പോലീസ് നടപടി ജനങ്ങള്‍ പ്രതികരിക്കുന്നതിന് തുല്യമായി പോയെന്നും കമാല്‍ പാഷ പറഞ്ഞു. ‘ആളുകളുടെ മനസാക്ഷിയ്ക്ക് സംതൃപ്തിയുണ്ടാകുമെങ്കിലും ഇത് നിയമവാഴ്ചയ്ക്ക് പരാജയമാണ്. വിചാരണ വഴി മാത്രം തെളിയിക്കേണ്ട കുറ്റമാണ്. അതുവരെ അവര്‍ കുറ്റാരോപിതര്‍ മാത്രമാണ്. പോലീസ് ഭാഷ്യം വിശ്വസിക്കാവുന്നതല്ല.’

ഇന്ന് പുലര്‍ച്ചെയാണ് കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. തെളിവെടുപ്പിനായി ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്ററിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഢിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്ബോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്.