കൊച്ചി. കേരള ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാരിനു ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍നിന്ന് 58 ആക്കി ഉയര്‍ത്തണമെന്നാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍, ആഭ്യന്തരവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്. ഒക്ടോബര്‍ 25നാണ് ശുപാര്‍ശ കൈമാറിയത്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതു കോടതിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശുപാര്‍ശയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥര്‍ക്കും നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള നൂറോളം ഉദ്യോഗസ്ഥര്‍ക്കും രണ്ടു വര്‍ഷം വീതം കൂടി സര്‍വീസ് നീട്ടിക്കിട്ടും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ നിര്‍ദേശം പിന്‍വലിക്കേണ്ടി വന്നിരുന്നു.
പിന്നാലെയാണ് ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായത്തില്‍ കോടതി ശുപാര്‍ശ. നേരത്തെ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നത്തെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നിര്‍ദേശങ്ങള്‍ പരിശോധിച്ചാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്.