മുഖ്യമന്ത്രിയുടെ സുരക്ഷ റോഡിൽ വലഞ്ഞ് ജനം; സുരക്ഷയ്ക്ക് ഇരട്ടിയോളം വാഹനങ്ങൾ

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിൻറെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതിനൊപ്പം റൂട്ട് ക്ലീയറൻസ് എന്ന പേരിൽ പോലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും ചേരുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാർക്ക് തലവേദനയാവുകയാണെന്നാണ് പരാതി.

സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് പോലീസ് ഇതിനെ ന്യായീകരിക്കുമ്പോൾ തിരുത്താൻ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇസ്ഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്കോർട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും.

Loading...

അതായത് 7 വാഹനങ്ങൾ. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘം. രേഖകൾ പ്രകാരം ഇതാണെങ്കിൽ യാഥാർത്ഥ്യത്തിലാകുമ്പോൾ ഇരട്ടിയാവും. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും.

അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതൽ 80 വരെയായും ഉയരും. അതായത് ചട്ടപ്രകാരം നൽകേണ്ടതിന്റെ ഇരട്ടി. മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും.

പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ലെന്ന് ആളുകൾ ആരോപിക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.