അട്ടപ്പാടിയിൽ ഇന്ന് രണ്ട് ശിശുമരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു; നാല് ദിവസത്തിനിടെ മരിച്ചത് നാല് കുഞ്ഞുങ്ങൾ

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. അഗളി പഞ്ചായത്തിലെ കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പൻ ദമ്പതിമാരുടെ 10 മാസം പ്രായമായ അസന്യ എന്ന പെൺകുഞ്ഞാണ് മരിച്ചത്. ഹൃദ്രോഗിയായ കുഞ്ഞിനെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലായിരുന്നു മരണം. ഇന്ന് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ശിശുമരണമാണ് ഇത്.

മൂന്ന് ദിവസം മാത്ര൦ പ്രായമായ കുഞ്ഞ് വെള്ളിയാഴ്ച രാവിലെ മരിച്ചിരുന്നു. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് മരിച്ചത്. നാല് ദിവസത്തിനിടെ അട്ടപ്പാടിയിലെ നാല് കുഞ്ഞുങ്ങൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. 2021ൽ മാത്രം അട്ടപ്പാടിയിൽ 10 കുട്ടികൾ മിരിച്ചതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

Loading...

അതിനിടെ അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടർ ടി.വി അനുപമക്ക് നിർദേശം നൽകി. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും.