ഗൊരഖ്പൂരിലെ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു

ഡല്‍ഹി : ഗോരഖ്പുര്‍ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 66 ആയി. വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. മജിസ്ട്രേട്ടുതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ലക്നൗവിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംഭവത്തില്‍ ഓക്സിജൻ വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ വിതരണത്തിനായി മുന്‍സര്‍ക്കാരിന്റെ കാലത്തെ നടപടികളും പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.