അച്ഛൻ സൂപ്പർമാൻ… ദുരൂഹമായ കേസിന്റെ ചുരുളഴിച്ച് പോലീസ്, നാലുസ്ത്രീകൾ അറസ്റ്റിൽ

ദുബായ്: മാളിൽ ഒറ്റപ്പെട്ടനിലയിൽ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ദുബായ് പോലീസ്. ജനിച്ച് രണ്ടാംദിവസം കുഞ്ഞിനെ ഒരു ഏഷ്യൻ സുഹൃത്തിനെയേൽപ്പിച്ച് അമ്മ രാജ്യം വിടുകയായിരുന്നുവെന്ന് മുറാഖാബത്ത് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഘനേം പറഞ്ഞു.

അനധികൃതമായി കുട്ടിയെ വളർത്തിയതിന് നാലുസ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു.

Loading...

സെപ്റ്റംബർ ഏഴിനാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ അൽ റീഫ് മാളിന് സമീപം കുട്ടിയെ കണ്ടെത്തിയത്. തനിച്ചുനടക്കുന്ന കുട്ടിയെ ഒരു ഫിലിപ്പൈൻ സ്വദേശി മുറാഖാബത്ത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ തിരിച്ചറിയാൻ പോലീസ് പൊതുസമൂഹത്തിന്റെ സഹായം തേടി. അഞ്ചുവയസ്സുകാരന്റെ വാർത്തയും ചിത്രവും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിച്ച് ഏകദേശം തൊണ്ണൂറ് മിനിറ്റിനുള്ളിൽ പോലീസിനെ തേടിയെത്തിയ ഫോൺവിളിയാണ് ദുരൂഹതയുടെ ചുരുളഴിച്ചത്.

ഷാർജയിൽ പലയിടത്തും ഒരു സ്ത്രീയോടൊപ്പം ചിത്രത്തിൽ കാണുന്ന ആൺകുട്ടിയെ കണ്ടതായുള്ള ഫോൺവിളിയുടെ ചുവടുപിടിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സഹായത്തിനായി ദുബായ് പോലീസ് ഷാർജ പോലീസിന്റെ സഹായവും തേടി. കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന സ്ത്രീയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. തുടർന്നാണ് മറ്റ് സ്ത്രീകളുടെയും അറസ്റ്റ്.

കുഞ്ഞ് തന്റേതല്ലെന്ന് അറസ്റ്റിലായ യുവതി പോലീസിനോട് പറഞ്ഞു. 2014-ലാണ് കുഞ്ഞിന്റെ ജനനം. അമ്മ തിരിച്ചുവരുമെന്ന് കരുതി അധികാരികളോട് പറയാതെ അഞ്ചുവർഷമായി കുട്ടിയെ പരിപാലിക്കുകയായിരുന്നു. അവരുടെ വിലാസം അറിയില്ല. മറ്റ് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിവരങ്ങൾ തനിക്കറിയില്ലെന്നും അറസ്റ്റിലായ യുവതി പോലീസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ കുറെമാസങ്ങളായി പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഭാരിച്ച ചെലവ് താങ്ങാനായില്ലെന്നും അതുകൊണ്ടാണ് കുട്ടിയെ ഉപേക്ഷിക്കാൻ തയ്യാറായതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. അതിനിടയിൽ നാലോളം സ്ത്രീകൾ കുഞ്ഞിനെ കൈമാറി പരിചരിച്ചു. അൽ മുത്തീന പ്രദേശത്തുള്ള മറ്റൊരു സ്ത്രീയും കുറച്ചുകാലം കുട്ടിയുടെ ചുമതല ഏറ്റെടുത്തിരുന്നു. ഏറെ താമസിയാതെ അവരും കുട്ടിയെ ഉപേക്ഷിച്ചു.

കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പലരോടും സഹായം തേടിയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ഉപദേശം. അല്ലെങ്കിൽ കുട്ടിയുമായി പോലീസിൽ കീഴടങ്ങാൻ നിർദേശം നൽകിയവരുണ്ടെന്നും യുവതി വെളിപ്പെടുത്തി.

അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ സംശയം തോന്നിയ നാലുസ്ത്രീകളെ ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ അവരാരും കുട്ടിയുമായി രക്തബന്ധമില്ലെന്ന് കണ്ടെത്തിയതായും ബ്രിഗേഡിയർ ഘനേം പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി ഏകദേശം പന്ത്രണ്ട് ദിവസങ്ങൾക്കുശേഷമാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ദുബായ് ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ് ചിൽഡ്രന്റെ സംരക്ഷണയിലാണ് അഞ്ചുവയസ്സുകാരൻ. ഇംഗ്ലീഷ് മാത്രം സംസാരിച്ചിരുന്ന കുട്ടി തന്റെ മാതാപിതാക്കളുടെ പേര് പോലും പറഞ്ഞിരുന്നില്ല.

അച്ഛന്റെ പേര് ചോദിക്കുമ്പോൾ സൂപ്പർമാനെന്നാണ് അവന്റെ മറുപടി. തന്നെ കൊണ്ടുപോകാൻ സൂപ്പർമാൻ വരുമെന്നും അവൻ പോലീസുകാരോട് പറഞ്ഞു. ഇത് കുട്ടിയെ മനപ്പൂർവം പറഞ്ഞുപഠിപ്പിച്ചതാണെന്ന് പോലീസിന് സംശയവും തോന്നിയിരുന്നു. കുട്ടിയുടെ സംരക്ഷണം ഇനി എങ്ങനെയായിരിക്കുമെന്നകാര്യം അറിവായിട്ടില്ല.