ബിനീഷിന്റെ കുട്ടിക്ക് അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ല, ഇ ഡിക്ക് എതിരെ തുടര്‍ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡിക്ക് എതിരെയെടുത്ത കേസിൽ തുടർ നടപടികൾ ഇല്ലെന്ന് ബാലാവകാശ കമ്മീഷൻ. പരാതി അന്ന് തന്നെ തീർപ്പാക്കിയെന്ന് കമ്മീഷൻ അംഗം കെ നസീർ പറഞ്ഞു. കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. രണ്ടരവയസ്സ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽവെച്ച്‌ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇ ഡിക്ക് എതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടർ നടപടികളാണ് അവസാനിപ്പിച്ചത്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോ​ഗസ്ഥർ വീട് റെയ്ഡ് ചെയ്യാനെത്തിയിരുന്നു. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. നിരവധി മണിക്കൂറുകൾ നീണ്ടു നിന്ന റെയ്ഡ് കടുത്ത മാനസികസമ്മർദ്ദമുണ്ടാക്കിയെന്നും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും ഇവർ പറഞ്ഞിരുന്നു. ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷൻ പരാതി നൽകുകയും ചെയ്തു. തുടർന്ന്, ഉടൻ തന്നെ ബാലാവകാശ കമ്മീഷൻ അം​ഗങ്ങള്‌‍ വീട്ടിലെത്തി ഇവരെ സന്ദർശിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. ബാലാവകാശ കമ്മീഷൻറേത് പക്ഷപാതപരമായ നിലപാട് ആണെന്നും വിമർശനം ഉയർന്നു.

Loading...

ഇഡിക്കെതിരായ നടപടിക്ക് എതിരെ കോൺഗ്രസും ബിജെപിയും രംഗത്തുവന്നിരുന്നു. ബാലാവകാശ കമ്മീഷൻ സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നു എന്നായിരുന്നു ആരോപണം. പാലത്തായിലെയും വാളയാറിലെയും കുട്ടികളുടെ കാര്യത്തിൽ ബാലാവകാശ കമ്മീഷൻ ധൃതിപിടിച്ച്‌ എത്തിയില്ലല്ലോ എന്ന് കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചിരുന്നു. ബാലാവകാശ കമ്മീഷൻ സിപിഎം പോഷക സംഘടനയായി പ്രവർത്തിക്കുന്നു എന്നായിരുന്നു ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം.