എനിക്ക് വിവാഹം കഴിക്കേണ്ട, പഠിക്കണം, എന്നെ സഹായിക്കണം….ബാലവിവാഹത്തിൽ നിന്നും രക്ഷത്തേടിയ 13കാരിയുടെ വാക്കുകൾ വൈറലാകുന്നു

കൊല്‍ക്കത്ത  ശൈശവവിവാഹത്തിൽ നിന്നും രക്ഷത്തേടി പൊലീസ് സ്റ്റേഷനിലെത്തിയ പതിമൂന്നു കാരിയുടെ വാക്കുകൾ വൈറലാകുകയായണ്. ‘ഈ കല്ല്യാണം ഒഴിവാക്കാന്‍ എന്നെ സഹായിക്കണം, എനിക്ക് പഠിക്കണം, പക്ഷേ, എന്റെ അച്ഛന്‍ എന്നെ വിവാഹം കഴിപ്പിച്ചയക്കുകയാണ്’ . നിസഹായ അവൾ ഒടുവിൽ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ആ സംഭവം.

സ്‌കൂളില്‍നിന്ന് യൂണിഫോമില്‍ നേരേ പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ കണ്ട് പോലീസുകാര്‍ ആദ്യമൊന്ന് അമ്പരന്നു. പോലീസ് ഓഫീസറെ കാണണമെന്ന് പറഞ്ഞ പെണ്‍കുട്ടിയോട് സ്‌റ്റേഷനിലെ ഡ്യൂട്ടി ഓഫീസര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ബാലവിവാഹത്തിന്റെ കാര്യം പുറത്തറിഞ്ഞത്.

Loading...

ഇതോടെ അവള്‍ക്ക് പറയാനുള്ളതെല്ലാം പോലീസുകാര്‍ കേട്ടിരുന്നു. പോലീസുകാരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞാണ് അവള്‍ തന്റെ പരാതി പറഞ്ഞത്. ‘കഴിഞ്ഞ ആറുമാസമായി തന്റെ പിതാവ് തനിക്കായി വരനെ അന്വേഷിക്കുകയായിരുന്നു. ഇപ്പോള്‍ വിവാഹം വേണ്ടെന്നും പഠിച്ച് വലുതായിട്ട് മതിയെന്നും ഞാന്‍ പലതവണ പറഞ്ഞെങ്കിലും അദ്ദേഹം കേട്ടില്ല.

ഇപ്പോള്‍ എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. എനിക്ക് വിവാഹം കഴിക്കേണ്ട, എനിക്ക് പഠിക്കണം, എന്നെ സഹായിക്കണം”-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് ബാലവിവാഹം ക്രിമിനല്‍ ക്കുറ്റമാണെന്ന് ബോധ്യപ്പെടുത്തുകയും പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വിവാഹപ്രായം എത്തിയതിന് ശേഷം മാത്രമേ മകളെ വിവാഹം കഴിപ്പിക്കുകയുള്ളുവെന്നും പിതാവില്‍ നിന്ന് എഴുതിവാങ്ങി.