മരിച്ച പതിനൊന്ന് കുട്ടികളും ചുമയ്ക്കുള്ള സിറപ്പ് കഴിച്ചിരുന്നു; വിഷവസ്തുക്കള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

ഷിംല: ജമ്മുകശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് പതിനൊന്ന് കുട്ടികള്‍ മരിക്കാനിടയായ സംഭവം ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. മരിച്ച കുട്ടികളെല്ലാം ചുമയ്ക്കുള്ള സിറപ്പ് കഴിച്ചിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇതിനോടകം തന്നെ 3,400 ലേറെ സിറപ്പുകളാണ് വിറ്റുകഴിഞ്ഞത്. മരുന്ന് കമ്പനിയുടെ ലൈസന്‍സും താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സിറപ്പിലൊക്കെ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് 8 സംസ്ഥാനങ്ങള്‍ ഈ സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

വൃക്ക സ്തംഭനത്തെത്തുടര്‍ന്നായിരുന്നു 11 കുട്ടികളും മരണത്തിന് കീഴടങ്ങിയത്. ഡിജിറ്റല്‍ വിഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന കോള്‍ഡ് ബെറ്റ്‌സ് പിസി എന്ന ചുമസിറപ്പാണ് വില്ലന്‍. കഴിഞ്ഞ ഡിസംബറിനും ജനുവരിക്കും ഇടയില്‍ ഈ മരുന്ന് കഴിച്ച 17 കുട്ടികളെ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആറു കുട്ടികള്‍ക്ക് ഗുരുതരമായ രോഗം ബാധിക്കുകയും ചെയ്തു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച 11 കുട്ടികളും ചുമയ്ക്കുള്ള ഈ സിറപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയത്.

Loading...

പരിശോധനയ്ക്കായി അയച്ച സിറപ്പിന്റെ സാംപിളുകളില്‍ വിഷാംശമായ ഡൈഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ കുട്ടികളുടെ മരണം ചുമമരുന്ന് കഴിച്ചതിനെ തുടർന്നാണെന്ന ആരോപണം ഡിജിറ്റല്‍ വിഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിഷേധിച്ചു. 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെയാണ് കമ്പനി 3,400 ലേറെ കുപ്പി മരുന്നു വിറ്റത്. 60 മില്ലിലീറ്ററാണ് ഒരു കുപ്പിയുടെ അളവ്. രോഗി ഒരുതവണ 5–6 മില്ലിലീറ്റർ വീതം കഴിക്കുമെന്നു കണക്കാക്കിയാൽ പോലും 10 മുതൽ 12 വരെ ഡോസ് അകത്തു ചെല്ലുമ്പോഴേക്കും രോഗി മരിക്കാനിടയാകുമെന്നു ഹിമാചൽപ്രദേശ് ഡ്രഗ് കൺട്രോളർ നവനീത് മാർവ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിൽപന രസീതുകളുടെ അടിസ്ഥാനത്തിൽ, മരുന്നു വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും നവനീത് മാർവ അറിയിച്ചു.

5,500 കുപ്പി കഫ് സിറപ്പാണ് കമ്പനി ആകെ നിർമിച്ചത്.1500 എണ്ണം വിപണിയിൽനിന്നു തിരിച്ചുവിളിച്ചു. സിറപ്പ് നിർമാണ യൂണിറ്റിലെ ഉത്പാദനവും അധികൃതര്‍ നിര്‍ത്തിവച്ചു. തമിഴ്‌നാട്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ത്രിപുര, മേഘാലയ, ഹിമാചൽപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ അധികൃതരോട് മരുന്നുകൾ പിൻവലിക്കാൻ നിർദേശം നൽകിയതായി ജമ്മു കശ്മീർ ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുരീന്ദര്‍ മോഹന്‍ അറിയിച്ചു.ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങള്‍ 2014 നും 2019 നും ഇടയില്‍ മരുന്നുകള്‍ നിരോധിച്ചിരുന്നു