കൊറോണ വരും, ഇന്ത്യയിലെ മീന്‍ തല്‍ക്കാലം വേണ്ട; ചൈന നിരോധനമേര്‍പ്പെടുത്തി

ഡല്‍ഹി: കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രോല്പന്നങ്ങള്‍ക്ക് ചൈന താല്ക്കാലിക നിരോധനമേര്‍പ്പെടുത്തി.

പാക്കേജിങ്ങില്‍ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആറ് കയറ്റുമതി കമ്ബനികളില്‍ നിന്നുള്ള ശീതികരിച്ച സമുദ്രോല്പന്നങ്ങള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തിയത്.

Loading...

ഇന്ത്യയിലെ ആറ് കമ്ബനികളില്‍ നിന്നെത്തിയ ഉല്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നും പ്രസ്തുത കമ്ബനികളുടെ ഉല്പന്നങ്ങള്‍ക്ക് ഒരാഴ്ചത്തെ നിരോധനമേര്‍പ്പെടുത്തിയതായും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ഓഫ് ചൈന അറിയിച്ചു.

വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെയും വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ ചൈന വിലക്കിയിരുന്നു.

കഴിഞ്ഞ കൊല്ലം ആദ്യം മുതല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശീതികരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ചൈന വിതരണാനുമതി നല്‍കി വരുന്നത്.

കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതും പിന്നീട് ലോകത്താകമാനം വ്യാപിക്കുകയും ചെയ്തത്.