എയിംസിലെ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈന; ഡേറ്റ സുരക്ഷിതമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി. ഡല്‍ഹി എയിംസിലെ കംപ്യൂട്ടര്‍ സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം നടത്തിയത് ചൈനീസ് ഹാക്കര്‍മാരെന്ന് കേന്ദ്രസര്‍ക്കാര്‍. ആശുപത്രിയില്‍ ചികിത്സ തേടിയ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ തിരിച്ചെടുത്തെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍നിന്നാണ് ഹാക്കിങ് നടന്നത്.

ആകെയുള്ള 100 സെര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഹാക്കര്‍മാര്‍ക്കു കയറാന്‍ സാധിച്ചത്. അതിഭയങ്കര നഷ്ടം സംഭവിക്കാമായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം തിരിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 23നാണ് ഹാക്കിങ് ആദ്യമായി കണ്ടെത്തുന്നത്. രണ്ടു ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രറ്റീജിക് ഓപ്പറേഷന്‍സ് യൂണിറ്റില്‍ പരാതി നല്‍കി.

Loading...

എന്നാല്‍ 200 കോടി ക്രിപ്‌റ്റോകറന്‍സിയില്‍ മോചനദ്രവ്യം വേണമെന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടെന്നത് പോലീസ് തള്ളിക്കളഞ്ഞിരുന്നു. എല്ലാവര്‍ഷവും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും ജഡ്ജിമാരും ഉള്‍പ്പെടെ 38 ലക്ഷത്തോളം രോഗികളാണ് എയിംസില്‍ ചികിത്സ തേടുന്നത്. ഇവരുടെയെല്ലാം ചികിത്സാ രേഖകള്‍ ഓണ്‍ലൈനായാണ് സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ അടക്കമാണ് ഹാക്ക് ചെയ്യപ്പെട്ടത്.