കൊറോണ;മരിച്ചവരുടെ എണ്ണം 41 ആയി; രോഗം ബാധിച്ചത് 1,287 പേര്‍ക്ക്

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. നിയന്ത്രണാതീതമായാണ് വൈറസ് ബാധ പടരുന്നത്. 1287 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 237 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രോഗം ബാധിച്ചവരെ ചികിത്സിച്ച ഒരു ഡോക്ടറും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്‌നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചു.ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഞായറാഴ്ച നടത്താനിരുന്ന റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങ് ഇന്ത്യന്‍ എംബസിയും റദ്ദാക്കി.ഇതിനിടെ വൈറസ് യൂറോപ്പിലേക്കും പടരുന്നതിന്റെ സൂചന നല്‍കി ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഫ്രഞ്ച് ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

Loading...

ചൈനയില്‍ ആയിരത്തിലധികം പേര്‍ ചികിത്സയിലാണ്. ഇവര്‍ക്കായി പ്രത്യേക ആശുപത്രിയും ചൈനീസ് സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ,ചിബി, ഷിയാന്താവോ, ക്വിയാന്‍ജിയാങ്, ഷിജിയാങ്, ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം. നാലുകോടിയോളംപേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, തയ്‌വാന്‍, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്‌കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യു.എസ്. എന്നിവിടങ്ങളില്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങള്‍ പിടിപെടും. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്.

വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം,തൊണ്ടവേദന എന്നിവയും ഉണ്ടാകും. ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. .വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. പകര്‍ച്ചപ്പനിക്ക് നല്‍കുന്നതു പോലെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നല്‍കുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കണം.