അഫ്ഗാനിസ്താനിലെ ബാഗ്രാം വിമാനതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. അധിനിവേശകാലത്ത് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന ബാഗ്രാം വ്യോമതാവളം നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്നു. ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് വ്യോമതാവളങ്ങൾ ഏറ്റെടുക്കാനുളള സംശയിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
പാകിസ്താനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഇന്ത്യയ്ക്കെതിരേ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുൻ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ചൈന ഉടൻ അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുത്തേക്കാം. ഇന്ത്യയ്ക്കെതിരേ പോരാടുന്നതിന് അവർ പാകിസ്താനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും നിക്കി ഹാലെ അഭിമുഖത്തിൽ പറഞ്ഞു.
അഫ്ഗാനിസ്താനിലെ തന്നെ ഏറ്റവും വലിയ വ്യോമതാവളമാണ് ബാഗ്രാം. കാബൂൾ വിമാനത്താവളത്തിനു പകരം യുഎസ് സേന അവസാനനിമിഷം വരെ ആശ്രയിച്ചിരുന്നത് ബാഗ്രാമിനെയാണ്. അതിനാൽ തന്നെ സാങ്കേതികമായും പൂർണമായും വികസിച്ച വിമാനത്താവളമാണ് ബാഗ്രാം. 20 കൊല്ലത്തിന് ശേഷമാണ് ബാഗ്രാം വ്യോമതാവളം യുഎസ് അഫ്ഗാന് കൈമാറിയത്.