വൈറസ് സൃഷ്ടിക്കുകയോ മനഃപൂര്‍വം പരത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല: ചൈന

ദില്ലി: കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ ചൈനയെ കുറ്റപ്പെടുത്തി ലോകരാജ്യങ്ങൾ രം​ഗത്ത് വന്നിരുന്നു. കൊറോണ ചൈനയുടെ ബയോ വാർ ആയുധമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. അതേസമയം കൊറോണവൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചൈന തന്നെ രം​ഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

വൈറസിന്റെ പേരില്‍ ചൈനയെ മുദ്രകുത്താതെ മഹാമാരിക്കെതിരെ പോരാടുകയാണ് ഇപ്പോള്‍ വേണ്ടത്. ചൈന വൈറസ് സൃഷ്ടിക്കുകയോ മനഃപൂര്‍വം പരത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു.

Loading...

കൊറോണവൈറസിനെ ചൈനയുമായും വുഹാനുമായും ചേര്‍ത്ത് പറയരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. ലോകത്തെ മുഴുവന്‍ ജനതയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ചൈനീസ് ജനത സഹിച്ച ത്യാഗം ചാപ്പകുത്തുന്നവര്‍ ബോധപൂര്‍വം മറക്കുകയാണ്. വുഹാനിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ചൈനയാണ് വൈറസിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വൈറസ് വ്യാപനമുണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ എല്ലാ ഗതാഗതമാര്‍ഗവും അടച്ചു. ഹുബെയ് ലോക്ക്ഡൗണാക്കി. ചൈനയുടെ നടപടികള്‍ സുതാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവര്‍ കൊറോണവൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് അത്തരത്തില്‍ വിശേഷിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി.