കൊറോണ വൈറസ് മരണം 25;വൈറസ് ബാധ 830 പേര്‍ക്ക്; 20 ദശലക്ഷം പേരെ മാറ്റി

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നു. 25 പേരാണ് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്. കൂടാതെ 259 പുതിയ കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആകെ 830 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. രോഗം സ്ഥിരീകരിച്ച 34 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടപ്പോള്‍ 177 പേരാണ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. വുഹാനില്‍ നിന്ന് പുറത്ത് 1,072 വൈറസ് കേസുകളും അധികൃര്‍ പരിശോധിക്കുന്നുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ പറഞ്ഞു.
പ്രതിരോധ നടപടികളുടെ ഭാഗമായി വുഹാനിലെയും സമീപ നഗരങ്ങളിലെയും 20 ദശലക്ഷം ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ചാന്ദ്ര പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൂടുതൽ‌ പ്രതിരോധന നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. ചൈനയിൽ ഇന്നലെ രണ്ടു നഗരങ്ങൾ അടച്ചു; രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാൻ സമീപനഗരമായ ഹോങ്കോങ് എന്നിവയാണ് അടച്ചത്. വിമാന, ട്രെയിൻ, റോഡ് ഗതാഗതം നിർത്തി. കടകളും ഓഫിസുകളും അടച്ചു.മൊത്തം 1.85 കോടി ജനങ്ങളാണ് ഈ നഗരങ്ങളിൽ പാർക്കുന്നത്. നഗരം വിട്ടു പോകരുതെന്ന് ഇവർക്കു നിർദേശം നൽകി. ഒരു കോടിയിലേറെ ജനസംഖ്യയുള്ള എജൗ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ അടച്ചു.

പാമ്പിൽ നിന്നോ വവ്വാലിൽ നിന്നോ ആകാം രോഗം മനുഷ്യരിലേക്കു പകർന്നതെന്നു ഗവേഷകർ വ്യക്തമാക്കി. കൊറോണ വൈറസ് രോഗലക്ഷണങ്ങൾ സംശയിച്ചാൽ ഉടൻ വെന്റിലേറ്ററും ഐസിയുവുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്ക ണമെന്നാണ് നിർദേശം. വൈറസ് ഭീതിമൂലം ബോക്സിങ്, വനിതാ ഫുട്ബോൾ എന്നിവയുടെ ഒളിംപിക് യോഗ്യതാ മത്സരങ്ങൾ വുഹാനിൽ നിന്നു മാറ്റി. കൊറോണ വൈറസ് ബാധയുടെ പേരിൽ ഇന്ത്യയിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കേന്ദ്രം. ചൈനയിൽ നിന്നു തൃശൂരിൽ എത്തിയ 7 മലയാളികൾ കരുതൽ നിരീക്ഷണത്തിലാണ്. ഇവരിലൊരാൾ പനി ബാധിച്ച് ഐസലേഷൻ വാർഡിലാണ്. ചൈനയിൽനിന്നു കഴിഞ്ഞ 14 ദിവസത്തിനിടെ കേരളത്തിൽ എത്തിയവർ 28 ദിവസം ബാഹ്യസമ്പർക്കം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സൗദിയിൽ കൊറോണ വൈറസ് ബാധിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 2 ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Loading...