യുപിഎ ഭരണകാലത്തു അമേരിക്ക – ഇന്ത്യ ആണവക്കരാറിൽ ഇടതുപാര്‍ട്ടികളെ ചൈന ആയുധമാക്കി: ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി

ഇടതുപാർട്ടി- ചൈന ബന്ധമാരോപിച്ചു മുൻ വിദേശകാര്യ സെക്രട്ടറിയും ചൈനയിലെ ഇന്ത്യൻ അംബാസിഡറുമായ വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാർ അട്ടിമറിക്കാൻ ചൈന ഇടതുപാർട്ടികളെ ഉപയോഗിച്ചെന്ന ഗുരുതര ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും സിപിഐയ്ക്കുമെതിരേയാണ് ആരോപണം. വിജയ്ഗോഖലെയുടെ പുതിയ പുസ്തകമായ “ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ” എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. 2007 -2008ലെ യുപിഎ ഭരണകാലത്തെ ചില സംഭവവികാസങ്ങൾ മുൻ നിർത്തിയാണ് ഇടതുപാർട്ടികളെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്.

ഇന്ത്യ-അമേരിക്ക ആണവകരാറിൽ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. ആണവ കരാറിനെതിരേ ആഭ്യന്തര എതിർപ്പുയർത്താൻ ചൈന ഇന്ത്യയിലെ ഇടതുപാർട്ടികളെ ഉപയോഗിച്ചെന്നാണ് പുസ്തകത്തിൽ ആരോപിച്ചിരിക്കുന്നത്. ഇടതുമാധ്യമങ്ങളെയും കരാറിനെതിരേ നിൽക്കാൻ ചൈന ഉപയോഗപ്പെടുത്തിയെന്ന ആരോപണവും പുസ്തകത്തിലുണ്ട്. യുപിഎ ഭരണകാലത്ത് ചൈന ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായ ഇടപെട്ടതിന് തെളിവായാണ് ആണവകരാർ വിഷയത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

Loading...

മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎസർക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. യുപിഎ സർക്കാരിൽ ഇടതുപാർട്ടികൾക്കുള്ള സ്വാധീനം മനസ്സിലാക്കിയാണ് ചൈന ഇടപെടൽ നടത്തിയത്. ആണവക്കരാറിൽ പ്രതിഷേധിച്ച് യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ചൈന ഓപ്പറേഷൻ നടത്തിയ ആദ്യ സംഭവമാണിതെന്നും കോഖലെ പുസ്തകത്തിൽ കുറിച്ചു. അതിർത്തി പ്രശ്നങ്ങളിൽ ദേശീയത പുലർത്തിയവരായിരുന്നു സിപിഎമ്മും സിപിഐയും. എന്നാൽ ചില വിഷയങ്ങളിൽ അവർ ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചു എന്നാണ് ഇന്ത്യ യുഎസ് ആണവക്കരാറുമായി ബന്ധപ്പെട്ട് ഗോഖലയെയുടെ പ്രധാന ആരോപണം.

39 വർഷത്തെ നയതന്ത്ര സർവ്വീസുള്ള ഗോഖലയെക്ക് ചൈനീസ് ഭാഷയായ മൻഡാരിനിൽ നല്ല പ്രാവീണ്യം ഉണ്ട്. 20 വർഷത്തിലധികം ചൈനയിൽ പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ചൈനയുമായും ബന്ധപ്പെട്ട ആറ് വിഷയങ്ങളെ മുൻ നിർത്തി പുതിയ പുസ്തകം പുറത്തിറക്കിയത്.