പിതാവ് കൊലമരത്തിലേക്കാണെന്നറിയാതെ പുഞ്ചിരിയോടെ ബൈ ബൈ പറയുന്ന പിഞ്ചുകുഞ്ഞ്; ലോകത്തെ കണ്ണീരണിയിച്ച വീഡിയോ

അവസാനമായി തന്റെ കുഞ്ഞ് നല്‍കുന്ന ഗുഡ്‌ബൈ വാങ്ങി കൊലമരത്തിലേയ്ക്ക് നീങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ ലോകത്തെ കണ്ണീരണിയിക്കുന്നു. ചൈനയില്‍ കഴിഞ്ഞ ദിവസമാണ് തൂക്കുമരം വിധിക്കപ്പെട്ട ഒരു യുവാവിന്റെ അവസാന നിമിഷങ്ങള്‍ ഓണ്‍ലൈനുകള്‍ പുറത്ത് വിട്ടത്.

ചൈനയിലെ തടവ് പുള്ളിയായ 30 കാരന്‍ ലി ഷിയുവാനെ ശിക്ഷ നടപ്പാക്കുമുമ്പ് ബന്ധുക്കള്‍ സന്ദര്‍ക്കാനെത്തിയപ്പോള്‍ ചിത്രീകരിച്ച വീഡിയോയാണിത്. കൊലമരത്തിലേക്ക് കൊണ്ട് പോകുന്നതിന് മുമ്പ് അയാള്‍ മകളെ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നത് ഈ വീഡിയോയില്‍ കാണാം. ഇനിയൊരിക്കലും പിതാവിനെ കാണില്ലെന്നറിയാതെ പുഞ്ചിരിച്ച് കൊണ്ട് മകള്‍ ബൈ ബൈ പറയുന്നത് ഇതില്‍ കാണാം. വധശിക്ഷയ്ക്ക് മുമ്പ് പൊലീസുകാരെ പോലും കരയിച്ച ഒരു വീഡിയോയാണിത്.

അയാളുടെ ഭാര്യയും അമ്മയും പൊട്ടിക്കരച്ചിലോടെ ഇയാളെ യാത്രയാക്കുമ്പോള്‍ പിതാവിന് നേരിട്ട ദുരന്തമറിയായെ പിഞ്ചുകുഞ്ഞ് നിറഞ്ഞ ചിരിയോടെയാണ് പിതാവിനെ യാത്രയാക്കുന്നത്. വധശിക്ഷയേറ്റ് വാങ്ങാന്‍ പോകുന്നതിന് മുമ്പ് ഇയാള്‍ തന്റെ അമ്മയുടെ മുന്നില്‍ മുട്ട് കുത്തി നിന്ന് ചൈനക്കാരുടെ പരമ്പരാഗത സാഷ്ടാംഗ നമസ്‌കാര ചടങ്ങ് നിര്‍വഹിക്കുന്നുമുണ്ട്. തുടര്‍ന്ന് അത്യധികമായ ഹൃദയവേദനയോടെ ആ അമ്മ മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് പോകുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസുകാര്‍ക്കൊപ്പം പോയി കഴുമരത്തിലേറുകയായിരുന്നു.

വടക്ക് കിഴക്കന്‍ ചൈനയിലെ ഹെയിലോഗ്ജിയാംഗ് പ്രവിശ്യയിലെ ഡാകിന്‍ഗ് ജയിലിലാണ് ആരുടെയും കരളലയിപ്പിക്കുന്ന ഈ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്.

തന്റെ ചെറിയ മകളെ കെട്ടിപ്പിടിക്കാന്‍ അനുവദിക്കണമെന്ന് അയാള്‍ ജയിലിനുള്ളില്‍ നിന്നും അമ്മയോടും ഭാര്യയോടും ആവശ്യപ്പെടുന്നുണ്ട്.തുടര്‍ന്ന് പൊലീസ് കാറിന് സമീപത്ത് നിന്നും അയാള്‍ മകളെ അവസാനമായി കെട്ടിപ്പിടിച്ചിരുന്നു.

ഒരു കരോക്കെ പാര്‍ലറില്‍ വച്ച് മൂന്ന് പേരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലി ഷിയുവാന്‍ തന്റെ കാറെടുത്ത് അവരെ പിന്തുടരുകയും അവരുടെ കാറിനെ ഇടിച്ച് തെറിപ്പിച്ച് അപകടത്തില്‍ പെടുത്തി മൂന്ന് പേരെ കൊല്ലുകയും ചെയ്തുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ച് കാറിലുണ്ടായിരുന്ന മൂവരും കൊല്ലപ്പെടുകയായിരുന്ന. സംഭവത്തിന് തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.