പ്രണയത്തിന് മുന്നില്‍ കൊറോണയും തോല്‍ക്കും;ഇന്ത്യക്കാരന് വധുവായി ചൈനക്കാരി

കൊറോണ ഭീതിയില്‍ ലോകം ചൈനയെ ഉറ്റുനോക്കുകയാണ്. ചൈനയില്‍ നിന്നും വിവധ ലോകരാഷ്ട്രങ്ങളിലേക്ക് കൊറോണ പടര്‍ന്നതോടെ ചൈനയെ എല്ലാ രാജ്യങ്ങളും ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ചൈനയില്‍ താമസമാക്കിയ സ്വന്തം പൗരന്‍മാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന് വരെ നിരവധി ഘട്ടങ്ങള്‍ കടന്നുവേണം എത്താന്‍. നിരവധി പരിശോധനകളും അത്യാവശ്യമാണ്. എന്നാല്‍ പ്രണയത്തിന് മുന്നില്‍ കൊറോണ ഭീതി പോലും പമ്പ കടക്കും. മാത്രമല്ല പ്രണയത്തിന് രാജ്യാതിര്‍ത്തികളും ഇല്ല. മതമോ ഭാഷയോ പ്രശ്‌നമല്ല. ഈ സത്യം ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരനും ജി ഹൊ എന്ന ചൈനാക്കാരിയും.

പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ലെന്ന് ഇരുവരും തെളിയിച്ചു. ഇരുവരും തമ്മില്‍ മധ്യപ്രദേശില്‍ വെച്ച് കഴിഞ്ഞ ദിവസം വിവാഹിതരായി. ചൈനക്കാരെയെയും ചൈനയെയും കൊറോണ പേടിയോടെ ലോകം നോക്കുമ്പോഴാണ് ഈ ഇന്തോ -ചൈന വിവാഹം. അഞ്ച് വര്‍ഷം മുമ്പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്ര കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും സുഹൃത്തുക്കളായി, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം. അങ്ങനെ സത്യാര്‍ത്ഥയുടെ ജന്മനാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ അടുത്ത മൂന്ന് ബന്ധുക്കളോടൊപ്പം

Loading...

ജനുവരി 29ന് തന്നെ ഇന്ത്യയിലെത്തി. ആദ്യം വിവാഹനിശ്ചം നടത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ ഇരുവരും വിവാഹിതരായി.ചൈനയില്‍ വെച്ചും വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചുവെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ആഘോഷങ്ങളുമെല്ലാം ഒരുപാട് ഇഷ്ടമായെന്ന് ചൈനക്കാരി മരുമകള്‍ പറയുന്നു. ജി ഹൊയെ ഒരുപാട് ഇഷ്ടമായെന്നും മകന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും സത്യാര്‍ത്ഥിന്റെ അമ്മ വ്യക്തമാക്കി. ജി യുടെ മാതാപിതാക്കള്‍ വളരെ കൗതുകത്തോടും ആവേശത്തോടെയുമാണ് വിവാഹ ആചാരങ്ങളില്‍ പങ്കെടുത്തതെന്നും അവര്‍ പറയുന്നു. ചൈനയെ പേടിക്കേണ്ട, എല്ലാ ചൈനക്കാരെയും പേടിക്കേണ്ട കൊറോണയെ മാത്രം പേടിച്ചാല്‍മതിയെന്നും പറഞ്ഞുവയ്ക്കുകയാണ് ഈ ഇന്തോ-ചൈനീസ് ദമ്പതികള്‍.

അതേസമയം കൊറോണ ബാധിച്ച് ഫിലിപ്പീന്‍സില്‍ ഒരാള്‍ മരിച്ചു. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. വുഹാനില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് മടങ്ങിയെത്തിയ ആളാണ് മരിച്ചത്.ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു ഇയാള്‍. പനിയും ചുമയും തൊണ്ടവേദനയുമുണ്ടായിരുന്ന ഇയാളെ മനിലയിലെ സാന്‍ ലാസാരോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനാണ് ഇയാള്‍ മരിച്ചത്.’ചൈനക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണ് ഇത്. മരണപ്പെട്ട വ്യക്തി വുഹാനില്‍ നിന്നാണ് വന്നതെന്ന കാര്യം നമ്മുടെ എല്ലാവരുടെയും മനസ്സിലുണ്ടാകണം.’- ലോകാരോഗ്യ സംഘടന പ്രതിനിധിയായ ഡോ.റാബി അബെയസിംഘെ പറഞ്ഞു.