പാകിസ്ഥാനില്‍ നിന്നും ചൈനയിലേയ്ക്ക് വധുവായി എത്തുന്ന പെണ്‍കുട്ടികളുടെ ഭാവി ജീവിതം വേശ്യാലയത്തില്‍… ഒറ്റവര്‍ഷം കൊണ്ട് കടത്തിയത് 629 പെണ്‍കുട്ടികളെ… ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ നിന്നും ചൈനയിലേയ്ക്ക് വധുവായി എത്തുന്ന പെണ്‍കുട്ടികളുടെ ഭാവി ജീവിതം വേശ്യാലയത്തില്‍. ചൈനയുമായുള്ള ബന്ധം മോശമാകാതിരിക്കാന്‍ അന്വേഷണവും പാകിസ്ഥാന്‍ തടഞ്ഞു.

മിക്കപ്പോഴും ക്രിസ്ത്യന്‍ യുവതികളാണ് ഇരകളാക്കപ്പെടുന്നത്. രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെയാണ് മാഫിയ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വിവാഹം കഴിക്കപ്പെട്ട ശേഷം രക്ഷപെട്ട സോഫിയ എന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ നേരത്തേ തന്നെ ലോക ശ്രദ്ധയില്‍ എത്തിയിരുന്നു.

Loading...

എന്തായാലും വിവാഹത്തിന്റെ മറവില്‍ പാക്കിസ്ഥാനില്‍ ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടത്തുന്ന യുവതികള്‍ക്ക് നയിക്കേണ്ടി വരുന്നത് നരകജീവിതവും.

പാക് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം തുടങ്ങിയ അന്വേഷണത്തില്‍ മുപ്പത്തൊന്നു ചൈനക്കാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ചൈനക്കാെരയെല്ലാം ഫൈസലാബാദിലെ കോടതി വെറുതെ വിട്ടു.

തെളിവുകളുടെ അഭാവമായിരുന്നു പ്രശ്നം. തട്ടിപ്പിനിരയായ യുവതികളും കുടുംബങ്ങളും ഭയന്നും വന്‍ തുക കൈപ്പറ്റിയും കോടതിയില്‍ മൊഴിമാറ്റിപ്പറയുകയായിരുന്നു. എന്തായാലും പുതിയ വാര്‍ത്ത ചൈനയ്ക്ക് കനത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ യുവതികളെയാണ് ചൈനീസ് മനുഷ്യക്കടത്ത് മാഫിയ എപ്പോഴും ലക്ഷ്യം വെക്കുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയാണ് ചൈനീസ് യുവാക്കള്‍ വിവാഹം കഴിക്കുന്നത്. ഇടനിലക്കാര്‍ക്ക് കിട്ടുന്നതാകട്ടെ കോടികളും.

എന്നാല്‍ ചൈനയിലെത്തിപ്പെട്ടാല്‍ പെണ്‍കുട്ടികളുടെ ജീവിതം അവിടെ തീരുകയാണ്. തടവിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയോ ആണ് പതിവ്.

ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാന്‍ 629 പെണ്‍കുട്ടികളെ പാക്കിസ്ഥാനില്‍ നിന്ന് വിറ്റതായി പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ തയ്യാറാക്കി അസോസിയേറ്റ് പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ചൈനയിലേക്ക് അനധികൃതമായി കടത്തപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് അസോസിയേറ്റ് പ്രസ് പുറത്തുവിട്ടത്.

അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ട് പാക് അധികൃതര്‍ മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണം തടഞ്ഞിരുന്നു.

ചൈനയിലേക്കുള്ള യുവതികളെ കടത്തല്‍ വിഷയം അന്വേഷിക്കുന്ന പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാക് മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. ഇരുരാജ്യങ്ങളിലെയും ആളുകള്‍ കുടുംബ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനെ ചൈനയും പാക്കിസ്ഥാനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അനധികൃതമായി നടക്കുന്ന മനുഷ്യക്കടത്ത് അംഗീകരിക്കില്ലെന്നാണ് ഇരുരാജ്യത്തിന്റെയും ഔദ്യോഗിക നിലപാട്.

വിവാഹ ശേഷം തന്നെ താമസിപ്പിച്ച ലാഹോറിലെ വലിയ വീട്ടില്‍ വേറെയും നവ വധൂവരന്മാരുണ്ടായിരുന്നു എന്ന് സോഫിയ വെളിപ്പെടുത്തിയിരുന്നു. ചൈനയിലേക്കുള്ള യാത്രാ രേഖകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു അവര്‍.

ചൈനീസ് ഭാഷ പഠിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടിലുണ്ടായിരുന്ന പാക്കിസ്ഥാനി വധുക്കള്‍.

പരസ്പരം ഭാഷ അറിയാതെ സംസാരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴും എന്റെ ഭര്‍ത്താവ് എന്നോട് ആവര്‍ത്തിച്ച് ഉരുവിട്ടത് ‘സെക്സ്’ എന്ന് മാത്രമാണ് എന്നും സോഫിയ പറയുന്നു. മുമ്പും ചൈനയിലേക്ക് ഇത്തരത്തില്‍ പെണ്‍കുട്ടികളെ വധുവായി കടത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

മ്യാന്മര്‍,കമ്പോഡിയ,വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു അന്ന് പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തിയിരുന്നത്.1987 മുതലാണ് ചൈനീസ് ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവനുഭവപ്പെട്ട് തുടങ്ങിയത്.

ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഒറ്റക്കുട്ടി നയവും സമൂഹത്തിന് ആണ്‍കുട്ടികളോടുള്ള പ്രതിപത്തിയുമാണ് ചൈനയെ ഇത്തരം ഒരവസ്ഥയില്‍ എത്തിച്ചത്. 15-29 പ്രായക്കാര്‍ക്കിടയിലെ ലിംഗാനുപാതത്തിലുള്ള അന്തരം ഇപ്പോഴും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.