കോഴഞ്ചേരി: ആറന്മുള പൊലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി ജയിലിലടച്ച വിദ്യാര്‍ഥി യുവജന പ്രവര്‍ത്തകന്‍ ടിം ടൈറ്റസിന്റെ വീട്ടില്‍ സാന്ത്വന സ്പര്‍ശമായി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായെത്തി. കള്ളക്കേസെടുത്ത് കസ്റ്റഡിയില്‍ വധിക്കാന്‍ ശ്രമിച്ച് ആശുപത്രിയില്‍പോലും പ്രവേശിപ്പിക്കാതെ റിമാന്‍ഡ് ചെയ്ത ടിമ്മിന്റെ ചെട്ടിമുക്കിലുള്ള വീട്ടിലെത്തിയാണ് അമ്മ മോളിക്കുട്ടിയെ വലിയ മെത്രാപോലീത്താ ആശ്വസിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.15 നാണ് ക്രിസോസ്റ്റം എത്തിയത്.

മനുഷ്യത്വം വിട്ട അയോഗ്യമായ നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പൊലീസിന്റെ ഈ അതിക്രമം എങ്ങനെ ന്യായീകരിക്കാനാവും. അര്‍ധരാത്രി വീട് അതിക്രമിച്ചു കടക്കുന്ന പൊലീസ്, നിയമപാലകര്‍ക്കും നിയമം പാലിക്കേണ്ട ബാധ്യതയുണ്ടെന്ന് മനസിലാക്കണം. പ്രതിയെ പിടിക്കാനേ പൊലീസിന് അവകാശമുള്ളൂ. അടിക്കാനോ കൊല്ലാനോ അവകാശമില്ല. മന്ത്രിയും എംഎല്‍എയും പറയുന്നതുകേട്ട് അനാവശ്യമായി പെരുമാറുന്നത് നിയമവ്യവസ്ഥയേയും സാമൂഹ്യനന്മയേയും ദോഷകരമായി ബാധിക്കും. അമ്മ മോളിക്കുട്ടിയുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നതായി ക്രിസോസ്റ്റം പറഞ്ഞു. മാര്‍ത്തോമ്മാ സഭ വികാരി ജനറാള്‍ പി കെ മാത്യു, അനീഷ് കുന്നപ്പുഴ, ബിജിലി പി ഈശോ, സിപിഐ എം കോഴഞ്ചേരി ഏരിയ സെക്രട്ടറി ആര്‍ അജയകുമാര്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി ബി സതീഷ്കുമാര്‍, കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ജി വിജയന്‍, ജോണ്‍മാത്യു തുടങ്ങിയവരും മെത്രാപോലീത്തയോടൊപ്പം ഉണ്ടായിരുന്നു.ടിമ്മിന് ജാമ്യം കിട്ടുന്നതിനും പെട്ടെന്ന് ശാരീരിക സൗഖ്യം പ്രാപിക്കുന്നതിനും പ്രാര്‍ഥിച്ചശേഷമാണ് ക്രിസോസ്റ്റം മടങ്ങിയത്.

Loading...