മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനും സ്‌കൂളിനും നേരെ ഹൈന്ദവ വര്‍ഗീയവാദി ആക്രമണം

ജബല്‍പൂര്‌: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ദേവാലയവും സ്‌കൂളും ആക്രമിക്കപ്പെട്ടു. കൂടാതെ ദേവാലയ പരിസരത്ത്‌ ഉണ്ടായിരുന്ന ക്രൈസ്‌തവരെ അക്രമി സംഘം കൈയേറ്റം ചെയ്‌തതായും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈന്ദവ വര്‍ഗീയവാദി സംഘടനകളായ ധര്‍മ സേനയും ബജ്രംഗദള്‍ പ്രവര്‍ത്തകരുമാണ്‌ അക്രമണത്തിന്‌ പിന്നില്‍.

ക്രൈസ്‌തവ സമൂഹത്തിന്റെ പരാതിയില്‍ ധര്‍മ സേന നേതാവ്‌ യോഗേഷ്‌ അഗര്‍വാളിന്‌ എതിരെയും മറ്റ്‌ ചിലര്‍ക്ക്‌ എതിരെയും പോലീസ്‌ കേസെടുത്തു. എന്നാല്‍ അറസ്‌റ്റുകള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഇല്ല. അക്രമികള്‍ പള്ളിയുടെ കത്തീഡ്രലിനും സമീപത്തെ സ്‌കൂളിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.

Loading...

നേവി മുംബൈയിലുള്ള ആരാധനാലയത്തിനു നേരെയും കഴിഞ്ഞദിവസം സമാന ആക്രമണം നടന്നിരുന്നു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആരാധനാലയത്തിനു നേരെ കല്ലെറിയുകയും രൂപക്കൂടിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പ്രതികളുടെ സി.സി.റ്റി.വി. ദൃശ്യങ്ങള്‍ ദേവാലയ അധികൃതര്‍ പോലീസിന്‌ കൈമാറിയെങ്കിലും അതിന്മേല്‍ അന്വേഷണം നടത്തുന്നതിനൊ പ്രതികളെ പിടികൂടുന്നതിനൊ പോലീസ് തയ്യാറായിട്ടില്ല.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ന്യൂനപക്ഷമതവിഭാഗങ്ങളുടെ മേലുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. ഇക്കാലമത്രയും ഹൈന്ദവ വര്‍ഗീയവാദികളുടെ മനസ്സില്‍ ഉറഞ്ഞുകൂടിയിരുന്ന മതവൈരം പുറത്തെടുത്തുള്ള ആക്രമണങ്ങളാണ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെമേല്‍ ഇപ്പോള്‍ നടക്കുന്നത്. ഈ ആക്രമണങ്ങള്‍ തടയുന്നതിന് മോദി സര്‍ക്കാര്‍ കാര്യമായ യാതൊന്നും ചെയ്യുന്നില്ലെന്നുള്ള ആക്ഷേപങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നു.

മോദി സര്‍ക്കാരിനെ ന്യൂനപക്ഷ സമുദായങ്ങള്‍ ഭീതിയോടെയാണ്‌ വീക്ഷിക്കുന്നത്‌; ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നിലവിലെ ഭരണരീതി ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ക്ക്‌ എതിരെ കാമ്പയിന്‍ സംഘടിപ്പിക്കാനും രാജസ്‌ഥാന്‍, ഹരിയാന, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ സൂര്യ നമസ്‌കാരവും യോഗയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയതിന്‌ എതിരെ പ്രതികരിക്കാനും ബോര്‍ഡ്‌ തീരുമാനിച്ചു.

രാജ്യത്തെ നിലവിലെ സാഹചര്യം നിയമത്തിന്‌ എതിരാണെന്നും ഇതിനാല്‍ മുസ്ലീം ജനത പോലുള്ള ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ്‌ രാജ്യത്ത്‌ കഴിയുന്നതെന്നും ബോര്‍ഡ്‌ സെക്രട്ടറി മുഹമ്മദ്‌ അബ്‌ദുള്‍ റഹീം ഖുറേഷി വ്യക്‌തമാക്കി. രാജ്യത്ത്‌ നടക്കുന്ന ചില സാഹചര്യങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തില്‍ നിന്ന്‌ ഏകാധിപത്യത്തിലേക്ക്‌ തിരിച്ചു വിടുകയാണ്‌. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതില്‍പിന്നെ ഹിന്ദു സംഘടനകള്‍ അക്രമാസക്‌തമാവുകയാണ്‌. എന്നാല്‍ ഇത്തരക്കാര്‍ക്ക്‌ എതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആവശ്യമെങ്കില്‍ ബോര്‍ഡിലെ അംഗങ്ങള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഘര്‍ വാപസി പോലുള്ളവയും ന്യൂനപക്ഷ സമുദായമായ ക്രൈസ്‌തവര്‍ക്ക്‌ എതിരെയുള്ള കടന്നുകയറ്റവും രാജ്യത്തിന്‌ നല്ലതല്ല. ഇത്‌ രാജ്യത്ത്‌ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കും. ഹിന്ദു സംഘടനകളുമായി സൗഹൃദത്തില്‍ പോകാനാണ്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടം. രാജ്യത്തിന്റെ സുരക്ഷയാണ്‌ പ്രധാനം. ഇത്‌ സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങളിലൂടെയെ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.