നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടൺ: നൈജീരിയായിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊലയെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രൈസ്തവ നരഹത്യ ഗൗരവപൂർണമാണെന്നും ഒരിക്കലും അമേരിക്കയ്ക്ക് ഇത് അംഗീകരിക്കുവാന്‍ കഴിയുകയില്ലായെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ വൈറ്റ് ഹൗസിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങൾക്കും ക്രൈസ്തവർക്കും നേരെ നടക്കുന്ന ആക്രമണ പരമ്പരകളിൽ ഖേദം പ്രകടിപ്പിച്ച ട്രംപ് നൈജീരിയന്‍ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും വ്യക്തമാക്കി.

“നൈജീരിയൻ പ്രതിസന്ധി തരണം ചെയ്യാൻ അമേരിക്ക പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. തങ്ങള്‍ ഇതിന്‍ മുന്‍പും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തീവ്രവാദം തടയാനാണ് തങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നത്. നൈജീരിയായില്‍ ക്രൈസ്തവ വിശ്വാസികള്‍ അതിദാരുണമായി വീണ്ടും വീണ്ടും കൊല്ലപ്പെടുന്നു. ഇതിന് ഒരു അവസാനം വേണം. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ഇടപെടല്‍ തടയാന്‍ അമേരിക്ക നിര്‍ണ്ണായക ഇടപെടല്‍ നടത്തിയെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം, ക്രൈസ്തവ നരഹത്യ തടയാൻ ഗവൺമെന്റ് നടപടികൾ ശക്തമാക്കിയെന്നായിരിന്നു പ്രസിഡന്റ് ബുഹാരിയുടെ പ്രതികരണം.

Loading...

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) എന്ന ക്രൈസ്തവ സന്നദ്ധ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നൈജീരിയയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം കൊല്ലപ്പെട്ടത് 225-ല്‍ അധികം ക്രൈസ്തവരാണ്. ഫുലാനി ഹെർഡ്സ്മാൻ എന്ന ഇസ്ളാമിക ഗോത്ര തീവ്രവാദ സംഘമാണ് ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.

ക്രൈസ്തവ ഭവനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെത്തുടർന്ന് ആയിരകണക്കിന് കുടുംബങ്ങൾ ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമെങ്കിലും നൈജീരിയൻ ഭരണകൂടവും പാശ്ചാത്യ മാധ്യമങ്ങളും പ്രശ്നത്തിൽ മൗനം അവലംബിക്കുകയാണെന്നും ഐ‌സി‌സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. ഈ സാഹചര്യത്തില്‍ വന്നിരിക്കുന്ന ട്രംപിന്റെ പ്രസ്താവനയെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ ലോകം നോക്കിക്കാണുന്നത്.