കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അധിപനിലെ ​’ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്​ഗാനങ്ങൾ അദ്ദേഹത്തിന്‍റെ രചനയാണ്.

1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ്​ അദ്ദേഹത്തിന്‍റെ ജനനം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്.

Loading...

ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി. മരുമക്കൾ: സി.അശോക് കുമാർ (റിട്ട.ആരോഗ്യ വകുപ്പ്), പി.ടി.സജി (റെയിൽവേ, മുംബൈ), കെ.എസ്. ശ്രീകുമാർ (സി.ഐ.എഫ്.ടി.). ഒട്ടേറെ സിനിമകൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ ‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ… അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രഗാനമാണ്. 1978-ൽ പുറത്തിറങ്ങിയ ’ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പി.ജി.വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. 1984-ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്. 2015-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചിരുന്നു.