ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ സന്ദീപ് ഒരുക്കിയത് സിനിമയെ വെല്ലുന്ന കൊലപാതക കഥ; ഒടുവില്‍ കാമുകിക്കൊപ്പം പിടിയില്‍

കോഴിക്കോട് : ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ജീവിക്കാന്‍ നാടകീയ ഒളിച്ചോട്ടം നടത്തിയ യുവാവിനെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. കുറ്റ്യാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മാര്‍ക്കറ്റിങ് മാനേജരുമായ എസ്.സന്ദീപാണ് കാമുകിക്കൊപ്പം ജീവിക്കാനായി താന്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ത്ത് നാടുവിട്ടത്.

നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കബളിപ്പിച്ച് മുംബൈയിലേയ്ക്ക് കടന്ന സന്ദീപിനെയും കാമുകി പൊറ്റമ്മല്‍ സ്വദേശിനി അശ്വിനിയേയും പോലീസ് അവിടെ നിന്നും തന്ത്രപരമായി കുടുക്കുകയായിരുന്നു.

Loading...

ട്രിക്കിങിനെന്നു വീട്ടുകാരോട് പറഞ്ഞ് കഴിഞ്ഞ മാസമാണ് സന്ദീപ് കര്‍ണാകടയിലേയ്ക്ക് പുറപ്പെട്ടത്. ഇടയ്ക്കിടെ ഇങ്ങനെ പോകാറുള്ളതിനാല്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയതുമില്ല. ശൃംഗേരി-കൊപ്പ-ഹരിഹര റൂട്ടിലെ കാനനപാതയില്‍ തുംഗഭദ്ര നദിക്കരയില്‍ സന്ദീപ് ബൈക്ക് നിര്‍ത്തി. അവിടെ പിടിവലിയുണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ നിലത്ത് ബൂട്ടുകൊണ്ട് പാടുണ്ടാക്കി. കയ്യില്‍ കരുതിയിരുന്ന ചെരിപ്പുകള്‍ കൊണ്ട് സ്ഥലത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ത്തു. വാച്ച് പൊട്ടിച്ചു. മൊബൈല്‍ ഉപേക്ഷിച്ചു. ബൈക്കിന് കേടുപാടു വരുത്തി. ഇതോടെ സന്ദീപ് കൊല്ലപ്പെട്ടു എന്നു തന്നെ എല്ലാവരും കരുതി.

എന്നാല്‍, സന്ദീപിന്റെ ഭാര്യ ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് നാടകീയ സംഭവങ്ങളുടെ ചുരുളഴിഞ്ഞു തുടങ്ങിയത്. പരാതി കിട്ടിയതോടെ നല്ലളം പോലീസ് കര്‍ണാടകത്തിലേയ്ക്ക് തിരിച്ചു. കര്‍ണാടക പോലീസിനെ്‌റ സഹായത്തോടെ തുംഗഭദ്ര നദിയില്‍ എട്ട് മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചിലും നടത്തി. ഹെലിക്യാം ഉപയോഗിച്ച് കാട്ടിലും തെരഞ്ഞു.

ഇതിനിടെ, അശ്വനിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലെത്തി. ഇതോടെ ഇരുവരുടെയും തിരോധാനത്തില്‍ ബന്ധമുണ്ടോ എന്നായി പോലീസിന്റെ അന്വേഷണം. പലവഴി ഇക്കാര്യം അന്വേഷിച്ചുവെങ്കിലും തുമ്പൊന്നും കിട്ടിയില്ല.

അശ്വനിയുടെ ഫോണിലേയ്ക്ക് അവസാനം കോള്‍ എത്തിയത് മുംബൈയില്‍ നിന്നാണ് എന്നത് ഇരുവരുടെയും മുന്‍കാല ഫോണ്‍വിളികള്‍ നിരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഇപ്പോള്‍ ഒന്നിച്ചാണെന്ന് പോലീസ് ഉറപ്പിച്ചു. അതേസമയം, സന്ദീപും അശ്വിനിയും പഴയഫോണുകളൊക്കെ ഉപേക്ഷിച്ച് വാട്‌സാപ്പ് ഇല്ലാത്ത ഫോണുകള്‍ വാങ്ങി. യാത്രയ്ക്കിടെ സന്ദീപ് തന്റെ നീളന്‍മുടിയൊക്കെ വെട്ടി രൂപമാറ്റം വരുത്തി. സന്ദീപാണ് ആദ്യം മുംബൈയില്‍ എത്തിയത്. പിന്നാലെ അശ്വിനിയും. അവിടെയെത്തിയ ഇരുവരും ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ പരിചയപ്പെട്ട് ആ പേരില്‍ സിം കാര്‍ഡും എടുത്തു. ഇതിനിടെ, മറ്റൊരു പുതിയ ഫോണ്‍ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയ സൈബര്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ സ്ഥലം കണ്ടെത്തിയാണ് അറസ്റ്റു ചെയ്തത്.

വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ സംശയം തോന്നാതിരിക്കാനാണ് ഒന്നിച്ച് നാടുവിടാതിരുന്നതെന്ന് അശ്വിനി പറഞ്ഞു. ആരും തിരഞ്ഞുവരാതിരിക്കാനാണ് താന്‍ കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീര്‍ത്തതെന്ന് സന്ദീപും പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരും വീട്ടിലേയ്ക്ക് മടങ്ങി.