ചുമടിറക്കാന്‍ അമിത കൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍, തനിയെ ഇറക്കാന്‍ നോക്കിയപ്പോള്‍ സംഭവിച്ചത്

Loading...

ഇടുക്കി: ചുമടിറക്കാന്‍ സിഐടിയു തൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെട്ടതോടെ സ്വമേധയ ചുമട് ഇറക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ തൊഴിലാളികളുടെ മര്‍ദ്ദനം. കട്ടപ്പനയിലെ റൂറല്‍ ഡവലപ്‌മെന്റ് ശാഖ ആരംഭിക്കുന്നതിനായി അണക്കരയില്‍ സേഫ് ഇറക്കാനായാണ് തൊഴിലാളികള്‍ കൂലി കൂട്ടി ചോദിച്ചത്. ഇതോടെ സൊസൈറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ചുമടിറക്കാന്‍ ശ്രമിച്ചത്. ഇതോടെ തൊഴിലാളികള്‍ സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേരെ മര്‍ദ്ദിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടാകുന്നത്.

ഇവര്‍ മര്‍ദ്ദിക്കുകയും രണ്ട് മണിക്കൂറോളം ബന്ദികളാക്കുകയും ചെയ്തു. കമ്പിവടി, കാപ്പിവടി എന്നിവ കൊണ്ടായിരുന്നു ഇവര്‍ സെക്രട്ടറിക്കും സംഘത്തിനും നേരെ പാഞ്ഞടുത്തത്. അടിയേറ്റ് ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന് ശേഷം 25,000 രൂപ കൂലി നല്‍കിയാല്‍ സേഫ് ഇറക്കി വയ്ക്കാമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. അവശരായതിനാലും വീണ്ടും മര്‍ദിക്കുന്ന സ്ഥിതിയായതിനാലും പരുക്കേറ്റവര്‍ ആ കൂലി നല്‍കാമെന്നു സമ്മതിക്കുകയായിരുന്നു.

Loading...

സൊസൈറ്റി സെക്രട്ടറി കെ. വി.കുര്യാക്കോസ്, ജീവനക്കാരായ ബിനോയി തോമസ്, തോമസ് ജോസഫ്, സേഫുമായി തൃശൂരില്‍ നിന്ന് എത്തിയ നെടുപുഴ സ്വദേശികളായ പള്ളിപ്പുറം രമേഷ്, വെങ്ങര രാകേഷ്, ചേമ്ബൂരി അരുണ്‍, വണിശേരി ഉരുണ്ടോളി വിജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്ബിവടികൊണ്ട് തലയ്ക്ക് അടിയേറ്റ രമേഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകരായ നാല് പേരെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു പ്രവര്‍ത്തകരായ അണക്കര സുല്‍ത്താന്‍കട കലാം നഗര്‍ നായ്ക്കന്‍പറമ്ബില്‍ ബേബി (കുരുവിള47), ചക്കുപള്ളം ഏഴാംമൈല്‍ പുതുപ്പള്ളിമറ്റം ബാബു (45), അണക്കര നെറ്റിത്തൊഴു കടുക്കാസിറ്റി ഉഴത്തില്‍ കുഞ്ഞുമോന്‍ (45), അണക്കര പാമ്ബുപാറ കുന്നുംപുറത്ത് ബിനോയി (37) എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, തര്‍ക്കത്തിനിടെയുണ്ടായ കയ്യേറ്റത്തില്‍ പരുക്കേറ്റെന്ന് ആരോപിച്ച് ചുമട്ടു തൊഴിലാളി കുന്നുംപുറത്ത് ബിനോയി പുറ്റടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബിനോയിയെ കയ്യേറ്റം ചെയ്യുന്നതാണു കണ്ടെതെന്നും മറ്റു തൊഴിലാളികളുമായി എത്തിയപ്പോള്‍ സൊസൈറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് തുക പറഞ്ഞ് ഉറപ്പിച്ചശേഷം ലോഡ് ഇറക്കുകയാണു ചെയ്തതെന്നും തൊഴിലാളികള്‍ പറയുന്നു.