സംസ്ഥാനത്ത് കൊടുംചൂട് ഒരാഴ്ച കൂടി തുടരും; ഇന്ന് 32 പേര്‍ക്ക് സൂര്യതാപവും ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു

സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് 32 പേര്‍ക്ക് സൂര്യാതപവും ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു. ഒരാഴ്ച്ചക്കൂടി താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നിറിയിപ്പ്.

കൊല്ലത്ത് 19പേര്‍ക്കും പാലക്കാട് 7പേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കായംകുളം , പുനലൂര്‍ , കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു മാണ് ഇന്ന് സൂര്യാതപമേറ്റത്. തിരുവനന്തപുരം പുത്തന്‍തോപ്പില്‍ ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു . പാലക്കാട് ഇന്നും ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു . തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാലക്കാട്ടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുന്നത്.

Loading...

വരുന്ന ദിവസങ്ങളില്‍ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ് . അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത് . പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.

കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. അങ്കണ്‍വാടികളില്‍ കൂളറുകളും ഫാനുകളും ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ആരോഗ്യശേഷി കുറഞ്ഞവര്‍ക്കും കുട്ടികള്‍ക്കുമാണ് സൂര്യാഘാത സാധ്യത കൂടുതല്‍. ഇവര്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം