ഐസിസിനെ പിന്തുണയ്ക്കുന്ന ഖത്തര്‍, സൗദി അധികൃതരില്‍നിന്നു ക്ലിന്റണ്‍ ഫൗണ്ടേഷന്‍ സാമ്പത്തികസഹായം വാങ്ങിയെന്നു അസാന്‍ജെ

വാഷിംഗ്ടണ്‍: ഹിലാരി ക്ലിന്റന്റെ ചാരിറ്റബില്‍ ഫൗണ്ടേഷനു പണം സംഭാവന ചെയ്ത ഖത്തറിലെയും സൗദി അറേബ്യയിലെയും സമ്പന്നരായ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസിനും സാമ്പത്തികസഹായം ചെയ്തിട്ടുള്ളതായി വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ.
ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അസാന്‍ജെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹിലാരിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്റണ്‍ സ്ഥാപിച്ച ക്ലിന്റണ്‍ ഫൗണ്ടേഷനു സാമ്പത്തികസഹായം ചെയ്യുന്ന സൗദിയിലെയും ഖത്തറിലെയും അധികൃതര്‍ ഐഎസിന്റെ ഭീകരപ്രവര്‍ത്തനത്തിനും പണം കൊടുക്കുന്നുണ്ടെന്ന് അസാന്‍ജെ പറഞ്ഞു. ക്ലിന്റണ്‍ ഫൗണ്ടേഷനു പണം കൊടുക്കുന്നവര്‍തന്നെയാണ് ലോകത്തെ ഏറ്റവും കുപ്രസിദ്ധ ഭീകരസംഘടനയായ ഐസിസിനും പണം കൊടുത്തു സഹായിക്കുന്നതെന്നു അസാന്‍ജെ വ്യക്തമാക്കുന്നു.
ഹിലാരിയും അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണവിഭാഗം മാനേജരായ ജോണ്‍ പൊഡേസ്റ്റയും തമ്മില്‍ നടത്തിയ ഈ മെയില്‍ സന്ദേശം തങ്ങള്‍ കഴി്ഞ്ഞ മാസം ചോര്‍ത്തിയതാണ് അവയില്‍ ഏറ്റവും എടുത്തുപറയത്തക്കതെന്നും അസാന്‍ജെ പറയുന്നു.
2014 ഓഗസ്റ്റ് 17 ന് അയച്ചതാണ് ആ ഇമെയില്‍. ഐസിസിനെ പിന്തുണയ്ക്കുന്ന ഖത്തറിനും സൗദിക്കും മേല്‍ കനത്ത സമ്മര്‍ദം ചെലുത്താന്‍, ആ സമയത്തു പ്രസിഡന്റ് ബരാക് ഒബാമയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പൊഡെസ്റ്റയോടു ഹിലാരി ആവശ്യപ്പെടുന്നതായാണ് ഇമെയില്‍ സന്ദേശം.