എങ്ങനെ ധൈര്യത്തോടെ ട്രെയിനില്‍ യാത്ര ചെയ്യും; അടര്‍ന്നു പോയ റെയില്‍വേ ട്രാക്ക് തുണികൊണ്ട് കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്ന ജീവനക്കാരന്‍; വിശദീകരണവുമായി റെയില്‍വേ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങിലൊന്നാണ് റെയില്‍വേ. ഒരുപാട് പേരാണ് തീവണ്ടി ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാല്‍ തീവണ്ടി യാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന ഒരു ദൃശ്യം പുറത്തുവന്നിരുന്നു. അടര്‍ന്നുപോയ റെയില്‍വേ ട്രാക്ക് വെറുമൊരു തുണികൊണ്ട് റെയില്‍വേ ജീവനക്കാരന്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നതായിരുന്നു ദൃശ്യങ്ങളില്‍. സംഭവം വിവാദമായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെയില്‍വേ.

കേടായ ​പാളത്തി​ന്റെ ഭാഗം തുണികൊണ്ട്​ ഘടിപ്പിച്ചതല്ലെന്നും ആ ഭാഗം ​റെയില്‍ തൊഴിലാളികള്‍ക്ക്​ മനസിലാക്കാന്‍ അടയാളപ്പെടുത്തിയതാണെന്നുമാണ് റെയില്‍വേയുടെ വിശദീകരണം. മുംബൈ സബര്‍ബന്‍ റെയില്‍വേയുടെ ഹാര്‍ബര്‍ ​ലൈനില്‍ ഗോവന്ദി, മാന്‍ഗണ്ഡ്​ സ്​റ്റേഷനിടയിലാണ്​ സംഭവം. കേടായ റെയില്‍പാളത്തിന്റെ ഭാഗം ജീവനക്കാര്‍ നീല തുണിക്കഷ്​ണംകൊണ്ട്​ കെട്ടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയായിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന്​ റെയില്‍ വേ വിശദീകരിച്ചു. ട്രാക്ക്​ പരിശോധന നടത്തുന്നവര്‍ പാളം തകര്‍ന്ന ഭാഗം അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാര്‍ക്ക്​ പെട്ടന്ന്​ മനസിലാക്കുന്നതിന് പെയിന്‍റ്​ ​ഉപയോഗിച്ച്‌​ വരക്കുകയാണ്​ ചെയ്യാറുള്ളത്​. എന്നാല്‍ മഴയായതിനാല്‍ പെയിന്‍റ്​ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്​ തുണികൊണ്ട്​ അടയാളപ്പെടുത്തിയതെന്നും ഇതിന്റെ നിജസ്ഥിതി അറിയാതെയാണ്​ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതെന്നും​ റെയില്‍വേ വിശദീകരണകുറുപ്പില്‍ പറയുന്നു. അരമണിക്കൂറിനകം ​തകര്‍ന്ന പാളം ശരിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നതായും റെയില്‍വേ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ അന്വേഷണം വേണമെന്ന് യാത്രക്കാരനായ സമീര്‍ ഝാവേരി ആവശ്യപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മുംബൈയില്‍ ട്രെയിന്‍ ഗതാഗതം അടക്കം താറുമാറായിരുന്നു. ഇന്നും സമാനമായ അവസ്ഥയാണ്.

Top