തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സ്ഥിരീകരണത്തെപ്പറ്റിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാര്‍ത്താ സമ്മേളനം നടത്തിയത് കുറച്ച് ആശങ്കയോടെ തന്നെയായിരുന്നു. രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. രണ്ടാം ഘട്ടം കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിട്ടാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ച് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നും ജാഗ്രതക്കുറവുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല കാസര്‍ക്കോട്ടെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം ചിലരുടെ നിരുത്തരവാദത്തിന്റെ ഫലമാണ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മതപരമായ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യർഥന സ്വീകരിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജുമാ നമസ്കാരങ്ങൾ ഒഴിവാക്കി. ഞായറാഴ്ച കുർബാനയിൽ ആൾക്കൂട്ടം ഒഴിവാക്കി. പരുമല തീർഥാടനം നിർത്തി വച്ചു. തലശ്ശേരി ആർച്ച് ബിഷപ് സ്വയം ക്വാറന്റെനിലാണ്. ഇത് മാത്യകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൊടുങ്ങല്ലൂർ ഭരണി, കാടാമ്പുഴ, ശബരിമലഎല്ലായിടത്തും ആചാരങ്ങളിലൊതുക്കും. പദ്മാനാഭസ്വാമി ക്ഷേത്രത്തിലും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി.അതേസമയം, നിയന്ത്രണങ്ങൾക്ക് വില കല്പിക്കാത്ത ചിലരുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരക്കണക്കിന്ആൾക്കാർ എത്തിച്ചേർന്ന ഇടങ്ങളുണ്ട്. ഇത് ആവർത്തിക്കരുതെന്ന് അഭ്യർഥിക്കുന്നു. ഈ നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ വേറൊരു മാർഗവും മുന്നിലില്ല. നിരോധനാജ്ഞ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ രക്ഷയെ കരുതി ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറാകില്ല. കാസർഗോഡ് നിരുത്തരവാദിത്വത്തിന്റെ വലിയ ദൃഷ്ടാന്തം അനുഭവിച്ചതാണ്. റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചു. വിവരങ്ങളിൽ അവ്യക്തതയും ദുരൂഹതയുമുണ്ട്. കൂടുതൽ അന്വേഷണം വേണം. ഇത്തരത്തിലുള്ളവർ വഞ്ചിക്കുന്നത് സമൂഹത്തെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലർക്ക് ഇപ്പോഴും നേരം വെളുത്തു കാണുന്നില്ല. അവരോട് പറയുന്നു, നിങ്ങൾക്കു കൂടി വേണ്ടിയാണ് ഈ ക്രമീകരണങ്ങൾ. പാലിച്ചില്ലെങ്കിൽ കർശന നടപടിസ്വീകരിക്കും. ജനക്കൂട്ടം ഒഴിവാക്കാൻ ക്രമസമാധാന പാലനത്തിനെന്ന പോലെ പൊലീസ് ഇടപെടണം. ഇതിന്റെ ചുമതല എസ് പി മാർക്ക് ആയിരിക്കും. നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യസേവനങ്ങൾ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി,പൊലീസ് മേധാവി എന്നിവർ ഉൾപ്പെട്ട സമിതി.സംസ്ഥാന അതിർത്തിയിൽ ഒരു വണ്ടിയും തടയില്ലെന്ന് തമിഴ് നാട് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നു വിളിച്ച് അറിയിച്ചു. ചരക്ക് ഗതാഗതം തടഞ്ഞാൽ വലിയ പ്രതിസന്ധി ഉണ്ടാക്കും. ബസുകളിലെ ദീർഘദൂര യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, കോവിഡ് 19 സമൂഹവ്യാപനമായിട്ടില്ലെന്നും ചികിത്സയിൽ ഉള്ളവരുടെ നില തൃപ്തികരമാണെന്നും
അദ്ദേഹം പറഞ്ഞു. പാലക്കാട് കോവിഡ് 19 പോസിറ്റിവ് കേസ് ഇല്ലെന്നും അത് മലപ്പുറത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.