സഹജീവികളോടുള്ള സ്‌നേഹമാണ് അര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് വലുത്’; കഫീല്‍ ഖാനെ കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ബാധിത പ്രദേശങ്ങളില്‍ സേവനം അനുഷ്ടിക്കണമെന്ന ഗൊരഖ്പൂര്‍ ഹീറോ ഡോക്ടര്‍ കഫീല്‍ ഖാന്റെ ആവശ്യത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യുപിയിലെ ഡോക്ടര്‍ കഫീല്‍ഖാന്‍റെ സമൂഹമാധ്യമത്തിലെ സന്ദേശം കാണാനിടയായെന്ന് മുഖ്യമന്ത്രി പറയുന്നു.

വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് താന്‍ ഡോക്ടര്‍ കഫീല്‍ ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുതെന്നും മുഖ്യമന്ത്രി പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളം പേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോക്ടര്‍ കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്നും മുഖ്യമന്ത്രി പറയുന്നു.

അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി താന്‍ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.