138 ദിവസം നീണ്ട വിഴിഞ്ഞം സമരം പിന്‍വലിക്കാന്‍ ധാരണയായത് ഇങ്ങനെ; തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ 138 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പാക്കിയത് സംബന്ധിച്ച തീരുമാനങ്ങള്‍ നിയമസഭയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

രമ്യമായ രീതിയിൽ സമരം ഒത്തുതീർക്കാൻ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ എടുത്ത മുന്‍കൈയും ഇടപെടലും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിക്കുകയുണ്ടായി. ഒന്നര കൊല്ലംകൊണ്ട് ഫ്‌ളാറ്റുകള്‍ നിര്‍മിക്കും, രണ്ടു മാസത്തെ വാടക മുന്‍കൂര്‍ നല്‍കും തുടങ്ങിയ ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Loading...

സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍- മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്…

വിഴിഞ്ഞം തുറമുഖനിര്‍മ്മാണംമൂലമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാനായി 03.11.2020- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേല്‍നോട്ടം വഹിക്കുന്നതാണ്.

ഫ്ളാറ്റുകളുടെ നിര്‍മ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാന്‍സായി നല്‍കും. 01.09.2022- ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 5,500 രൂപ പ്രതിമാസം വാടക ഇനത്തില്‍ നല്‍കുന്നതാണ്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും, വീടിന്റെ ആകെ വിസ്തീര്‍ണ്ണം 635 Sq.Ft. (550 Sq.Ft. Built up space + 85 Sq. Ft. common space for each unit) അധികരിക്കാതെ ഡിസൈനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുന്നതാണ്. ഇതു കൂടാതെ വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി ഒരു സ്ഥലം ഒരുക്കും.

തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതാണ്. തുറമുഖ പ്രവര്‍ത്തനം തുടരുന്നതാണ്.

നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്സിഡി നല്‍കും.

കേരളതീരത്ത് മത്സ്യബന്ധനം നടത്തരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം പുറപ്പെടുവിക്കുന്ന തീയതികളില്‍ തൊഴില്‍നഷ്ടം ഉണ്ടാകുന്നത് പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, മേല്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന തീയതികളുടെ എണ്ണം കണക്കാക്കി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം A (1)(e) അനുസരിച്ച് തൊഴില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ നടപടി സ്വീകരിക്കും. അതു കൂടാതെ, ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമുള്ളപക്ഷം അവരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി / അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി തുടങ്ങിയ തൊഴില്‍ദാന പദ്ധതികളില്‍ ഉള്‍പ്പെടുത്തും.

മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ പുണെസെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ്‌ പവര്‍ റിസര്‍ച്ച് സ്റ്റേഷനു (CWPRS)മായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

‘ഈ സമരം രമ്യമായി അവസാനിപ്പിക്കാന്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മിസ് ബാവ തീരുമേനി എടുത്ത മുന്‍കൈയും ഇടപെടലും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ആപത്ഘട്ടങ്ങളില്‍ ജനസമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തംജീവന്‍ പണയപ്പെടുത്തി രംഗത്തുവന്നിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്’ മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി സംബന്ധിച്ച് ഉയര്‍ന്നുവന്ന ആശങ്കകളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച് പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഭാവിയില്‍ പദ്ധതിയോടുള്ള പൂര്‍ണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.