എല്‍ഡിഎഫിനെ നേരിടാന്‍ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ ഡി എഫിനെ നേരിടുന്നതില്‍ യു ഡി എഫും,ബി ജെ പിയും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍.നയപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പി യും ഏകോദര സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സര്‍വ്വതല സ്പര്‍ശിയായ വികസനം ആണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍ ഡി എഫ് സംഘടിപ്പിച്ച വികസന വിളംബര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സകലമേഖലകളും പിന്നോട്ടടിച്ചുവെങ്കില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍മുന്നോട്ട് വച്ചത് ഇടതു ബദല്‍ എന്ന ആശയമാണ്.യു ഡി എഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ സംസ്ഥാനത്ത് വികസന മുരടിപ്പായിരുന്നുവെങ്കില്‍ എല്‍ ഡി എഫ് ഭരണത്തില്‍ കാതലായ മാറ്റങ്ങളാണ് നടപ്പിലാക്കി വരുന്നത്.

ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കിയതും,ദേശീയപാത വികസനം സാധ്യമാക്കിയതും,തീരദേശ ഹൈവേക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും,മലയോര ഹൈവേക്ക് പദ്ധതി തയ്യാറാക്കിയതും എല്ലാം ഇടതുപക്ഷ ബദലാണ്. കോവളം -ബേക്കല്‍ ജലപാത യാഥാര്‍ത്ഥ്യമാകുന്നതും,കൊച്ചി മെട്രോ വിപുലീകരിച്ചതും,കെ ഫോണ്‍ പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് ആവകാശമായി പ്രഖ്യാപിച്ചതും എല്ലാം ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിബദ്ധതക്ക് തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കെ ഫോണ്‍ പദ്ധതിയിലൂടെ 25 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് ഇന്റര്‍നെറ്റ് സൗകര്യം വീടുകളില്‍ എത്തുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വ്യാവസായിക മേഖല കരുത്താര്‍ജ്ജിക്കുന്നതും,കാര്‍ഷിക രംഗത്ത് കുതിപ്പുണ്ടാകുന്നതും യു ഡി എഫ് സര്‍ക്കാര്‍ സഞ്ചരിച്ച പാതയില്‍ നിന്ന് വഴി മാറി സഞ്ചരിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയും,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും,ആര്‍ദ്രം മിഷനുമെല്ലാം പൊതു സമൂഹത്തോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...