സര്‍ക്കാരിനെ ആക്രമിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ വികാരം;മുഖ്യമന്ത്രി

കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണത്തില്‍ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തടയിടാന്‍ വന്നാല്‍ അനുവദിച്ചുതരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ബിജെപിയിലേക്ക് കടകാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ചെന്നിത്തല. സര്‍ക്കാരിനെ ആക്രമിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ വികാരമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കോരളത്തില്‍ വന്ന് കിഫ്ബിക്കെതിരായി നടത്തിയ പ്രസ്താവന ജനങ്ങള്‍ ചെവിക്കൊണ്ടില്ല.

ഈ സാഹചര്യത്തിലാണ് സ്വന്തം വകുപ്പിന് കീഴിലെ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കിട്ടുന്നതിനു മുന്‍പേ മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചു. കിഫ്ബി ഉദ്യോഗസ്ഥര്‍ക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്ത് ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമം ഉണ്ടെന്ന് ഇവര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നതെല്ലാം ശരി എന്ന് പറയുന്ന പ്രതിപക്ഷം ഉള്ളപ്പോള്‍ ഇങ്ങനെയൊക്കെ ആകാമെന്ന ധൈര്യമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.സര്‍ക്കാരിനെ ആക്രമിച്ചോളൂ, പക്ഷേ അത് ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചാകരുത്. അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Loading...