ഉറവിടം കണ്ടെത്താത്ത കേസുകള്‍ സമൂഹവ്യാപനത്തിന്റെ സൂചന,ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉറവിടം കണ്ടെത്താന്‍ പറ്റാത്ത കേസുകള്‍ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നാം ഓരോരുത്തരും ആരോഗ്യപ്രചാരകരായി മാറണമെന്നും പൊതു ഇടങ്ങളിലെ കരുതല്‍ വീടുകളിലും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികളുടെ പരിശോധനാകാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് നല്ല തീരുമാനംവരും.പ്രതിപക്ഷത്തിന്റെ അനാവശ്യ പ്രതിഷേധം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷം പഠിച്ച കളരിയില്‍നിന്നല്ല സര്‍ക്കാര്‍ പഠിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്.അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 40 ശതമാനത്തില്‍ അധികമാണ്.കേരളത്തില്‍ അത് 2 ശതമാനത്തിലും താഴെ.ബാക്കി 98 ശതമാനം കേസുകളിലും നമുക്ക് ഉറവിടം കണ്ടെത്താന്‍ ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇവിടെ നിസ്സഹായരായി നമുക്ക് നില്‍ക്കാനാവില്ല. വ്യാപനത്തിന്റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടണം. അതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടുവരണം എന്ന ആവശ്യം നാം ഉയര്‍ത്തിയത്.

Loading...

അതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടിരുന്നു. അതിന്റെ വിശദാംശങ്ങള്‍ വിദേശമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.ഈ നാടാകെ ഒന്നിച്ച് പോരാടുമ്പോഴാണ് സംസഥാനത്തെ ഒരു മന്ത്രിയെ മുല്ലപ്പള്ളി അപമാനിച്ചത്.അദ്ദേഹത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസിനേറതാണെന്ന് അവര്‍ തന്നെ പറഞ്ഞു.അതിനാല്‍ ആരും വക്കാലത്തുമായി വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആദരിക്കപെടേണ്ട ആളാണെന്നും ബ്രിട്ടീഷുകാരുമായുള്ള അദ്ദേഹത്തിന്റെ ചെറുത്ത് നില്‍പ്പ് സംസ്ഥാനം ആദരവോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.