മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പഞ്ചായത്ത് ഓഫിസില്‍ പതിപ്പിച്ച്‌ യൂത്ത് ലീഗ്

കോട്ടക്കല്‍: മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് എടരിക്കോട് പഞ്ചായത്ത് ഓഫിസിലും വില്ലേജിലും പതിപ്പിച്ച്‌ എടരിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പ്രതിഷേധവുമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചത്. യൂത്ത് ലീഗ് നേതാവും എടരിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഫസലുദ്ദീന്‍ തയ്യിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറി കോട്ടക്കല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയന്‍ എന്നിവര്‍ ഓഫിസില്‍ എത്തി നടപടികള്‍ സ്വീകരിച്ചു. നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് യൂത്ത് ലീഗിന്‍റെ ഇത്തരം പ്രവൃത്തികളെന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുബ്രഹ്മണ്യന്‍ പറഞ്ഞു.

Loading...

പൊലീസിന്‍റെ നേതൃത്വത്തില്‍ നോട്ടീസ് ചുമരുകളില്‍നിന്ന് ഒഴിവാക്കി. അതേസമയം, സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നോട്ടീസ് പതിച്ചെതെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലീല്‍ മണമ്മലിന്‍റെ വിശദീകരണം. പഞ്ചായത്ത് സെക്രട്ടറിക്ക് പുറമെ സി.പി.എം, ഡി.വൈ.എഫ്.ഐ കമ്മിറ്റികളും പൊലീസില്‍ പരാതി നല്‍കി.