തിരുവനന്തപുരം: കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒഴി വെച്ച് ഒടുവില്‍ പിന്‍വലിക്കേണ്ടി വന്ന വിവാദ പൊലീസ് നിയമഭേദഗതിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പാര്‍ട്ടിക്ക് ജാഗ്രക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും സമ്മതിച്ചിരിക്കുകയാണ്.ഭേദഗതിയുടെ ഇഴകീറിയുള്ള വിലയിരുത്തലാണ് സെക്രട്ടറിയേറ്റില്‍ നടന്നത്. സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുമ്പോള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നയം കൂടി പ്രതിഫലിക്കുന്നതാകണമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.ഭേദഗതി നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ ആര്‍ക്കുവേണമെങ്കിലും വളച്ചൊടിക്കാന്‍ സാധിക്കുമായിരുന്നു.
സി.പി.എമ്മിന് ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ നയമുണ്ട്. അത് നിയമ നിര്‍മാണത്തില്‍ പാലിച്ചില്ല. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി കമ്മിറ്റിക്കും പൊതുവായ ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു ഏറെ അംഗങ്ങളുടെയും വിലയിരുത്തല്‍. അഭിപ്രായങ്ങള്‍ കേട്ട മുഖ്യമന്ത്രി, പെെട്ടന്നുണ്ടാകുന്ന വിഷയങ്ങള്‍ക്ക് അനുസൃതമായാണ് നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ പോകുന്നതെന്ന് പറഞ്ഞു. സ്ത്രീകളെ അവമതിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടികളുണ്ടായി. അത് തടയാന്‍ നടപടി വേണമെന്ന ആവശ്യത്തിെന്റ അടിസ്ഥാനത്തില്‍ സദുദ്ദേശ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. അതില്‍ ജാഗ്രതക്കുറവുണ്ടായെന്നും പിണറായി സമ്മതിച്ചു.