ദേവികയുടെ മരണം ദുഃഖകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പഠനം എപ്പോഴും ക്ലാസ് മുറികളില്‍ തന്നെ നടക്കുന്നതാണ് നല്ലതെന്നും പ്രത്യേകിച്ചും കൊച്ചുകുട്ടികള്‍ക്ക് അതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മലപ്പുറം വളാഞ്ചേരിയിലെ ദേവികയുടെ മരണം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവിക പഠിച്ച സ്കൂളിൽ 25 കുട്ടികൾക്ക് ഇന്റർനെറ്റ്, ടിവി സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. ക്ലാസധ്യാപകൻ കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചിരുന്നതുമാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  ദേവികയുടെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ് ലഭിക്കാത്തതിനാൽ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛൻ പറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. പഞ്ചായത്ത് യോഗത്തിൽ എല്ലാ വാർഡിലെയും കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ പരിപാടി തയ്യാറാക്കി. പിടിഎയും കുട്ടികൾക്ക് ഇന്റർനെറ്റും ടിവിയും ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു.

Loading...

സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയത്തിൽ ഒന്നുമുതൽ 12ാം ക്ലാസ് വരെയുള്ളത്. പ്ലസ് വൺ ഒഴികെയുള്ള കണക്കാണിത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾക്കുള്ള പദ്ധതികൾ തയ്യാറാക്കിയത്. വിക്ടേർസ് ചാനൽ വഴിയും സാമൂഹ്യ മാധ്യമ അക്കൗണ്ട് വഴിയും കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചു. ജൂൺ ഒന്നിന് ഓൺലൈൻ പഠനം ആരംഭിച്ചു. വലിയ സ്വീകാര്യത ലഭിച്ചു. പല ക്ലാസുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നന്നായി ഇഷ്ടപ്പെട്ടുവെന്ന് പ്രതികരണത്തിൽ നിന്ന് മനസിലായി.

ഇതാദ്യമായാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമായിരുന്നു. ഈ തീരുമാനം എടുത്തപ്പോൾ തന്നെ എത്ര കുട്ടികൾക്ക് ഇത് സാധ്യമാകുമെന്നും പരിശോധിച്ചിരുന്നു. അധ്യാപകരോട് കുട്ടികളെയും രക്ഷിതാക്കളെയും ബന്ധപ്പെട്ട് പരിശോധിക്കാൻ തീരുമാനിച്ചു. 26,1784 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്ന് കണ്ടെത്തി. സർക്കാരിനെ സംബന്ധിച്ച് ഈ കുട്ടികളും ഓൺലൈൻ സംവിധാനത്തിനൊപ്പം ചേർത്ത് നിർത്തേണ്ടവരാണ്. ഇവർക്കും പഠനം സാധ്യമാക്കാനാകുമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.