സ്ത്രീധന പീഡനം ​ഗൗരവതരം; ഇനി മുതൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ത്രീധന പീഡനം ​ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന സംഭവം നിസ്സാരമല്ല. അത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരമായി കാണാൻ കഴിയില്ല. ഇനി മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്തുമെന്നും മുഖ്യമന്ത്രി. അതേസമയം തന്നെ വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓൺലൈൻ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ നൽകുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇത്തരം പരാതികൾ ഉള്ളവ‌‍ർക്ക് [email protected] എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. 9497996992 എന്ന മൊബൈൽ നമ്പർ ജൂൺ 23 മുതൽ നിലവിൽ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതി നൽകാം.

ഇതിനായി 9497900999, 9497900286 എന്നീ നമ്പറുകൾ ഉപയോ​ഗിക്കാം.സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറിൽ നാളെ മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകൾ നൽകുന്ന പരാതികളിലും പ്രഥമ പരിഗണന നൽകി പരിഹാരമുണ്ടാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും മാനഹാനിയും മറ്റ് സംസ്ഥാനങ്ങളിൽ ധാരാളം കേൾക്കുന്നുണ്ട്. അത്തരത്തിൽ നമ്മുടെ നാട് മാറുക എന്നത് നമ്മുടെ സംസ്ഥാനം ആർജ്ജിച്ചിട്ടുള്ള സംസ്കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണ്. നാടിന് ചേരാത്ത ഒന്നാണത്. പഴുതടച്ച അന്വേഷണം നടക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി.

Loading...