ജനമറിയാതെ മരംമുറിക്ക് അനുമതി നല്‍കിയ മുഖ്യനെ മുട്ടുകുത്തിച്ച് സതീശന്‍; വിവാദ ഉത്തരവ് പിന്‍വലിച്ചത് കോണ്‍ഗ്രസിന്റെ വിജയം

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് മരം മുറി ഉത്തരവ് ഇറങ്ങിയതെന്ന് തെളിവുകള്‍ സഹിതം സ്ഥാപിക്കാന്‍ നീയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. വിവാദം ഉണ്ടായപ്പോള്‍ തന്നെ ഈ വിഷയം അടിയന്തിര പ്രമേയമായി കൊണ്ടുവരാന്‍ സതീശന്‍ തയ്യാറായി. പ്രതിപക്ഷവും പൊതു സമൂഹവും ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാദമായ മുല്ലപെരിയാര്‍ മരം മുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.

ഇന്നലെ് വൈകുന്നേരം നടന്ന മന്ത്രിസഭ യോഗത്തില്‍ ആയിരുന്നു ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. റോഷി അഗസ്റ്റിന്‍, ശശീന്ദ്രന്‍ തുടങ്ങിയ മന്ത്രിമാര്‍ മരം മുറി വിഷയത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് സംഭവം വളര്‍ന്നിരുന്നു. പ്രമേയം അവതരിപ്പിക്കാനുള്ള ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പിച്ചതും പ്രതിപക്ഷ നേതാവ് സതീശന്റെ ബുദ്ധിയായിരുന്നു. വിഷയത്തില്‍ നല്ല പ്രാവീണ്യം ഉള്ള തിരുവഞ്ചൂര്‍ നീയമസഭയില്‍ കത്തി കയറി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് വിവാദം വലുതായി. വിവാദം ഉണ്ടായ ദിനം മുതല്‍ മുഖ്യമന്ത്രി സുദീര്‍ഘമായ മൗനമാണ് പുറത്തും നീയമസഭയിലും പ്രകടിപ്പിച്ചത്.

Loading...

പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകാതെ മാളത്തില്‍ ഒളിച്ചു . മറുപടി പറയാനെത്തിയ വനം മന്ത്രി ശശിന്ദ്രന് സതീശന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ശശീന്ദ്രനെ കൊണ്ട് തത്ത പറയിക്കുന്നതു പോലെ കാര്യങ്ങള്‍ പറയിക്കാന്‍ സതീശനായി. ഉത്തരവ് റദ്ദ് ചെയ്യാതെ താല്‍ക്കാലികമായി മരവിപ്പിച്ച് നിറുത്താന്‍ മുഖ്യമന്ത്രിയും ശശീന്ദ്രന്റെയും കളി നടന്നില്ല. ഇന്ന് വീണ്ടും ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സതീശന്‍ സബ്മിഷന്‍ കൊണ്ട് വന്നു. മറുപടി പറഞ്ഞ മന്ത്രി കൃഷ്ണന്‍ കുട്ടി ഇത് സംബന്ധിച്ച് തമിഴ് നാടുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന് വ്യക്തമാക്കി. റോഷി ഇത് നിഷേധിച്ച് ഇന്ന് ഉച്ചക്ക് ചാനലിന് മുന്‍പില്‍ എത്തിയതോടെ രംഗം വീണ്ടും വഷളായി . തെളിവുകള്‍ ഓരോന്നായി മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ സര്‍ക്കാര്‍ വെട്ടിലായി, മന്ത്രിമാര്‍ നാണം കെട്ടു.

അവസാനം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട പ്രകാരം മന്ത്രിസഭ യോഗത്തില്‍ മരം മുറി ഉത്തരവ് റദ്ദ് ചെയ്ത് സര്‍ക്കാര്‍ യു ടേണ്‍ അടിച്ചു. റദ്ദാക്കിയ ഉത്തരവ് നാളെ വനം വകുപ്പില്‍ നിന്നിറങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി തിരിച്ചടിയേറ്റ യു.ഡി എഫിന് രാഷ്ട്രീയമായി വലിയ വിജയമാണ് മരം മുറി ഉത്തരവ് റദ്ദാക്കലിലൂടെ ഉണ്ടായത് . കാര്യങ്ങള്‍ കൃത്യമായി പഠിച്ച് ഗ്യഹപാഠം ചെയ്ത് നീയമസഭയില്‍ എത്തുന്ന വി.ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളക്കമാര്‍ന്ന വിജയമായി ഇതിനെ വിശേഷിപ്പിക്കാം.