സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം,സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവ്യാപനത്തിന്റെ വക്കിലാണ് നമ്മളുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നമ്മള്‍ നല്ല ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി.നഗരങ്ങളിലെ സ്ഥിതിയാണ് കൂടുതല്‍ രൂക്ഷമാകുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്‌ളസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്നും മുഖ്യമന്ത്രി. ഇന്ത്യയിലെ പല വലിയ നഗരങ്ങളിലെയും അവസ്ഥ ഇതാണ്. അവിടെയൊക്കെ സ്ഥിതി നിയന്ത്രണാതീതമായി തുടരുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് തന്നെ ആദ്യമായി കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിംഗ് ആയിരിക്കുന്നത് തിരുവനന്തപുരത്ത് പൂന്തുറയിലാണ്. ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയതിനു ശേഷം ഷട്ടറുകള്‍ അടച്ചിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അനുവദനീയമല്ല എന്നാണ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തത്.

Loading...

വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് പടരും. അതേസമയം പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്പിളുകളാണ് പരിശോധിച്ചത്. ഒരു മത്സ്യ മാര്‍ക്കറ്റിലുണ്ടായ രോഗവ്യാപനമാണ് തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. എപ്പോള്‍ വേണ്ടിവന്നാലും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരാണ് എന്ന ബോധം വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.