ഇനി സ്വാഭാവികമായും കടക്കുക സമൂഹവ്യാപനത്തിലേക്ക്;സംസ്ഥാനത്ത് അതീവ ഗാരവമായ സാഹചര്യം;മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിനവും രോഗികളുടെ എണ്ണം നാനൂറ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ജനങ്ങള്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്. സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചത്.

സൂപ്പര്‍സ്‌പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണ്. സ്വാഭാവികമായും ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സംസ്ഥാനം നീങ്ങുക. അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിയണം. പ്രതിദിനം 400ല്‍ കൂടുതല്‍ കേസുകളാണ് തുടര്‍ച്ചയായ രണ്ട് ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്ക രോഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഒരാളില്‍ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പര്‍സ്പ്രെഡ് ഇപ്പോള്‍ ആയിക്കഴിഞ്ഞിരിക്കുകയാണ്. ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 76 പേർക്ക് രോഗം സ്ഥിരീകരിച്ചു. 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഹെൽത്ത് വർക്കർമാർ, ഐടിബിപി, ബിഎസ്എഫ് രണ്ട് വീതവും, ഡിഎസ്‌സിയിൽ നിന്ന് നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 87 പേർക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ്. ഇതിൽ 41 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ്. പത്തനംതിട്ടയിൽ 54 പേർക്കും, മലപ്പുറത്ത് 51 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.