കേന്ദ്രപാക്കേജ് സ്വാഗതാര്‍ഹം;കേരളം എന്തും നേരിടാന്‍ സുസജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച കേന്ദ്രപാക്കേജ് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി. അതേസമയം സംസ്ഥാനം ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികൾക്ക് പുറമേ 879 സ്വകാര്യ ആശുപത്രികളും ഉണ്ട്. 69 434 കിടക്കകളും 5667 ഐസിയുകളും സജ്ജമായതായും മുഖ്യമന്ത്രി പറഞ്ഞു. 43 തദ്ദേശസ്ഥാപനങ്ങൾ കമ്യൂണിറ്റി കിച്ചൺ തുടങ്ങിയതായും വോളന്റിയർമാർ വഴി ഭക്ഷണവിതരണം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഭക്ഷ്യധാന്യം നൽകും. ആധാർ നമ്പർ പരിശോധിച്ച് റേഷൻ കടകൾ വഴി സൗജന്യ റേഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആയി. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1, വയനാട്- 1 എന്നിങ്ങനെയാണ് കണക്കുകള്‍. വയനാട്ടില്‍ ആദ്യമായാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.
തൃശൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവർ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിനാണ് രോഗം. ദമ്പതികൾ വന്നത് ഫ്രാൻസിൽ നിന്നാണ്. ഇരുവരും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല.ഇവർ തൃശൂർ വലിയാലുക്കൽ സ്വദേശികളാണ്..

രോഗം സ്ഥിരീകരിച്ച മറ്റൊരാൾ പാരീസിലെ എം.ബി.എ വിദ്യാർഥിയാണ്. നെടുമ്പാശേരിയിൽ ഇറങ്ങിയ ശേഷം ആലുവ ജനറൽ ആശുപത്രിയിൽ പോയി. വീട്ടിലെ കാറുമായി കൂട്ടാൻ വന്ന അച്ഛനേയും ഡ്രൈവറേയും ടാക്സിയിൽ പറഞ്ഞു വിട്ടു.ശേഷം വീട്ടിലെ കാറോടിച്ച് തൃശൂരിൽ എത്തി. മുകളിലത്തെ മുറിയിൽ നേരെ കയറി താമസം തുടങ്ങി. പുറത്തിറങ്ങിയിട്ടില്ല. കൂടെയുണ്ടായിരുന്ന മംഗലാപുരം സ്വദേശിയായ സുഹൃത്തും കൂടെ മുറിയിലുണ്ടായിരുന്നു. ഇരുവരും ഇപ്പോൾ തൃശൂർ ജനറൽ ആശുപത്രി ഐസോഷേനിൽ കഴിയുന്നു. നിലവിൽ മൂന്നു പേരാണ് കോവിഡ് ബാധിച്ച് തൃശൂരിൽ ചികിൽസയിലുള്ളത്.