തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കായാണ് രവീന്ദ്രനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനകള്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് നല്‍കിയിരിക്കുന്നത്. രവീന്ദ്രനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാര കേന്ദ്രമെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. രവീന്ദ്രനെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി അറിയിച്ച സാഹചര്യത്തിലാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇഡി ചോദ്യം ചെയ്യാനിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതായി രവീന്ദ്രന്‍ രേഖമൂലം അറിയിച്ചിരുന്നു. അതേസമയം, സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.