മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രവൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. കിടത്തി ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നതോടെ സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന് വീണ്ടും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. ഇതിനായി രവീന്ദ്രന് നോട്ടീസ് നല്‍കിയ സമയത്താണ് അദ്ദേഹം കൊവിഡ് പൊസീറ്റിവായി ക്വാറന്റൈനില്‍ പോകുകയുണ്ടായത്. രണ്ടാഴ്ചയിലേറെ ക്വാറന്റൈനില്‍ ഇരുന്ന രവീന്ദ്രന്‍ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂര്‍ത്തിയായ ശേഷമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കുകയുണ്ടായി.

Loading...