ഹെലിക്കോപ്റ്റര്‍ മാര്‍ഗം എത്തി മുഖ്യമന്ത്രി ; എന്നിട്ടും രക്ഷയില്ല, കരിങ്കൊടി പ്രതിഷേധം ; കോണ്‍ഗ്രസ് പ്രവര്‍ത്തകർ കരുതല്‍ തടങ്കലിൽ

പാലക്കാട്: പ്രതിപക്ഷ പ്രവർത്തകരുടെ പ്രതിഷേധങ്ങൾ ഭയന്ന് മുഖ്യമന്ത്രിയുടെ യാത്ര ഹെലിക്കോപ്റ്റര്‍ മാര്‍ഗമാക്കി. ഹെലിക്കോപ്റ്ററിലായിരുന്നു മുഖ്യമന്ത്രി കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിയത്. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി.

എന്നാൽ പാലക്കാട് ഹെലിക്കോപ്റ്ററില്‍ ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ സുരക്ഷ മറികടന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാലിശ്ശേരിയില്‍ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു

Loading...

കരുതൽ തടങ്കലെന്ന പേരിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനെ ഇന്ന് രാവിലെ ആറു മണിയോടെ വീട്ടിലെത്തി തൃത്താല പോലീസ് കൂട്ടിക്കൊണ്ടുപോയി. സി.ആര്‍.പി.സി. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി തൃത്താലയില്‍ എത്തുന്നു എന്നറിഞ്ഞതോടെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥയാണെന്ന് ഷാനിബ് ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.