പ്രളയബാധിതർക്ക് 10,000 രൂപ അടിയന്തര സഹായം; മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം

Loading...

പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കും. വീട് നഷ്‌ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്‌ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും നല്‍കാനും യോഗം തീരുമാനിച്ചു. ധനസഹായം നല്‍കേണ്ടവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോടും വില്ലേജ് ഓഫീസര്‍മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന പട്ടികയില്‍ എന്തെങ്കിലും ആക്ഷേപമുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാകും സാമ്ബത്തിക സഹായം കൈമാറുക. സാമ്ബത്തിക സഹായം കൈപ്പറ്റുന്നവരില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം.
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചു മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ബഷീറിന്റെ ഭാര്യയ്ക്കു തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ബഷീറിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്മയ്ക്കും മക്കള്‍ക്കുമായി രണ്ടു ലക്ഷം രൂപ വീതമാണ് നല്‍കുക.

Loading...

തിരുവനന്തപുരത്ത് രാജവീഥിയില്‍ വച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌, സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് മേധാവി ആയിരുന്ന ബഷീര്‍ മരിച്ചത്. ശ്രീറാം വണ്ടി ഓടിച്ചത് മദ്യലഹരിയില്‍ ആയിരുന്നെന്നാണ് ദൃക്‌സാക്ഷി മൊഴികള്‍. എന്നാല്‍ പൊലീസ് ബ്രെത്തലൈസര്‍ ടെസ്റ്റ് നടത്തിയില്ല. അപകടം കഴിഞ്ഞ് ഒന്‍പതു മണിക്കൂറിനു ശേഷമാണ് രക്തപരിശോധന നടത്തിയത്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ഈ പശ്ചാത്തലത്തില്‍, അപകടത്തെത്തുടര്‍ന്ന് അറസ്റ്റിലായ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.