വര്‍ണ്ണങ്ങള്‍ വിരിഞ്ഞ ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2015

ഷിക്കാഗോ: ഏപ്രില്‍ 11-ന് ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രലിലെ വിവിധ ഓഡിറ്റോറിയങ്ങളില്‍ അരങ്ങേറിയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള അക്ഷരാര്‍ത്ഥത്തില്‍ കലയുടെ മാസ്മരികത വര്‍ണ്ണങ്ങളില്‍ വിരിയിച്ചു. അഞ്ഞൂറില്‍പ്പരം കലാപ്രതിഭകള്‍ വിവിധയിനം മത്സരങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചപ്പോള്‍ കാണികളും വിധികര്‍ത്താക്കളും വിസ്മയത്തില്‍ പുളകിതരായി. ഒന്നിനൊന്ന് മെച്ചപ്പെട്ട മത്സരങ്ങള്‍ക്ക് വിധിയെഴുതുവാന്‍ വിധികര്‍ത്താക്കള്‍ നന്നേ പാടുപെട്ടു. മലയാളികളുടെ കലാ-സാംസ്‌കാരിക മൂല്യങ്ങള്‍ അങ്ങേയറ്റം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാസി മലയാളികളുടെ ഇളംതലമുറ അവതരിപ്പിച്ച കലാമത്സരങ്ങള്‍ അത്യന്തം ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു.

CMA_pic2

Loading...

രാവിലെ 8 മണിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട്, സെക്രട്ടറി ബിജി സി. മാണി, മറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, 2014-ലെ കലാപ്രതിഭ അന്‍സല്‍ മുല്ലപ്പള്ളി, കലാതിലകം ആല്‍വിന പൂത്തുറയില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് കലാമേള ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സ്റ്റേജുകളിലായി 45-ല്‍പ്പരം മത്സരങ്ങള്‍ നടത്തപ്പെടുകയുണ്ടായി. കലാമേന്മ നിറഞ്ഞുനിന്ന സംഗീതവും, നൃത്തവും, ഭരതനാട്യവും, മോഹിനിയാട്ടവും, പെയിന്റിംഗ് മത്സരങ്ങളും അരങ്ങുതകര്‍ത്താടിയപ്പോള്‍ നിറഞ്ഞ സദസുകളും വിധികര്‍ത്താക്കളും വിസ്മയപുളകിതരായി.CMA_pic3

രാത്രി 9.30 മണിയോടുകൂടി കലാമേളയ്ക്ക് പരിസമാപ്തികുറിച്ചപ്പോള്‍ വ്യക്തിഗതയിനങ്ങളില്‍ 19 പോയിന്റ് നേടി കുമാരി റിയ രവി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. 18 പോയിന്റ് നേടിയ അന്‍സല്‍ തോമസ് മുല്ലപ്പള്ളി രണ്ടാം തവണയും കലാപ്രതിഭയായി മാറി. അനുഷാ ജോസഫ് കുന്നത്തുകിഴക്കേതില്‍, ജസ്റ്റിന്‍ ജോസഫ് പെരുകോണില്‍ എന്നിവര്‍ 16 പോയിന്റുകള്‍ വീതം നേടി ‘റൈസിംഗ് സ്റ്റാഴ്‌സ്’ ആയി. വിജയികള്‍ക്ക് ഓഗസ്റ്റ് 29-ന് നടക്കുന്ന മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടിയില്‍ ട്രോഫികള്‍ നല്‍കി ആദരിക്കുന്നതാണ്.CMA_pic4

ജിതേഷ് ചുങ്കത്തായിരുന്നു ഇത്തവണത്തെ കലാമേളയുടെ ചെയര്‍മാന്‍. രഞ്ചന്‍ ഏബ്രഹാം, സ്റ്റാന്‍ലി കളരിക്കമുറി എന്നിവര്‍ കോ- ചെയര്‍മാന്‍മാരായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട്, സെക്രട്ടറി ബിജി സി. മാണി, വൈസ് പ്രസിഡന്റ് ജെസി റിന്‍സി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ സെബാസ്റ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുര, ബോര്‍ഡ് അംഗങ്ങളായ ജേക്കബ് പുറയംപള്ളില്‍, ജിമ്മി കണിയാലില്‍, ജോഷി പുത്തൂരാന്‍, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളില്‍, ഷാബു മാത്യു, സണ്ണി വള്ളിക്കളം, സാബു നടുവീട്ടില്‍, സന്തോഷ് നായര്‍ എന്നിവര്‍ക്കൊപ്പം ജോഷി കുഞ്ചെറിയ, സിബൂ മാത്യു എന്നിവര്‍ കലാമേളയ്ക്ക് നേതൃത്വം നല്‍കി.

CMA_pic5

രാത്രി പത്തുമണിയോടുകൂടി ഷിക്കാഗോ മലയാളി മനസുകളില്‍ ഒരിക്കലും മറക്കാനാവാത്ത വര്‍ണ്ണങ്ങള്‍ വിരിയിച്ച മറ്റൊരു കലാമേളയ്ക്കുകൂടി തിരശീല വീണു.