ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം കേസുകളിലെ പ്രതികളുമായി സിന്‍ഹ നടത്തിയ കൂടിക്കാഴ്ചയുടെ പേരിലാണ് നടപടി. കല്‍ക്കരികേസിലെ പ്രതികളായ വിജയ് ദര്‍ദ, മകന്‍ ദേവേന്ദ്ര ദര്‍ദ എന്നിവരെയും മറ്റും വീട്ടില്‍ കണ്ട രഞ്ജിത് സിന്‍ഹയുടെ നടപടി അനുചിതമാണെന്ന് കോടതി വ്യക്തമാക്കി. ആദ്യമായിട്ടാണ് ഒരു മുന്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിടുന്നത്. രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ ഏതു രീതിയിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് ആറിനു മുന്‍പ് റിപ്പോര്‍ട്ട് നല്‍കണം.

കുറ്റാരോപിതരുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയത് അനുചിതമായെന്ന് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യത്തില്‍ കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ പ്രതികളെ കണ്ടത് ഗുരുതരമായ പ്രശ്‌നമാണ്. കൂടികാഴ്ച്ചകള്‍ അന്വേഷണത്തെയോ കുറ്റപത്രത്തെയോ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

സന്നദ്ധ സംഘടനയായ കോമണ്‍ കോസ് മുഖേന പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണനും കാമിനി ജയ്‌സ്വാളുമാണ് രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ പരാതി നല്‍കിയത്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയ സിന്‍ഹയ്‌ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രജ്ഞിത് സിന്‍ഹയുടെ ഔദ്യോഗിക വസതിയിലെ ഗേറ്റില്‍ സന്ദര്‍ശകരുടെ പേരു രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ ആണ് അവര്‍ തെളിവായി ഹാജരാക്കിയത്. അതിനെതിരെ രഞ്ജിത് സിന്‍ഹ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഗേറ്റ് രജിസ്റ്റര്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിക്കാര്‍ക്ക് കോടതിയെ തെറ്റിധരിപ്പിക്കണമെന്ന ഉദ്യേശ്യമില്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

കല്‍ക്കരികേസിലെ നീതിപൂര്‍വമായ അന്വേഷണത്തെ ഈ കൂടിക്കാഴ്ചകള്‍ ബാധിച്ചതായി കോടതി സംശയം പ്രകടിപ്പിച്ചു. നേരത്തേ 2 ജി കേസിലെ പ്രതികളെയും കണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ആ കേസിന്റെ അന്വേഷണത്തില്‍ ഇടപെടരുതെന്ന് രഞ്ജിത് സിന്‍ഹയ്ക്ക് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചുതന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മൂന്നംഗബെഞ്ച് ചൂണ്ടിക്കാട്ടി. അതിനൊപ്പം, കല്‍ക്കരികേസിലെ പ്രതികളെയും കണ്ടുവെന്ന ആരോപണംകൂടിയാകുമ്പോള്‍ അന്വേഷണം നീതിപൂര്‍വമായിരുന്നോ എന്ന് കണ്ടെത്തേണ്ടതുണ്ട്.