ബൈജുവിന്റെ മരണ വാര്‍ത്ത വരുമ്പോള്‍ ഏക മകള്‍ പരീക്ഷ എഴുതുന്ന തിരക്കിലായിരുന്നു

ഇന്നലെ പുലര്‍ച്ചെയാണ് അവിനാശിയില്‍ ാെ9 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. കെഎസ്ആര്‍ടിസി ബസ് കണ്ടെയ്‌നറുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം. കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറുമടക്കം മരണപ്പെട്ടു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ വി.ആര്‍. ബൈജു മരിച്ച വാര്‍ത്ത വരുമ്പോള്‍ പത്താം ക്ലാസിലെ മോഡല്‍ പരീക്ഷ എഴുതുകയായിരുന്നു ഏക മകള്‍ ഭവിത. എന്നാല്‍ മരണവിവരം ബന്ധുക്കളും അധ്യാപകരും ഭവിതയെ അറിയിച്ചില്ല. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഭവിതയെ അധ്യാപകര്‍ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് അയച്ചത്. അവിടെ നിന്നു വൈകിട്ട് ബൈജുവിന്റെ സഹോദരന്‍ ബിജുവാണ് ഭവിതയെ വീട്ടിലെത്തിച്ചത്. അപ്പോള്‍ മാത്രമാണ് അച്ഛന്റെ മരണ വാര്‍ത്ത ഭവിത അറിയുന്നത്.

അതേസമയം ബൈജുവിന്റെ അച്ഛന്‍ രാജനെയും അമ്മ സുമതിയെയും രാത്രി വരെ വിവരം അറിയിച്ചിരുന്നില്ല. കോയമ്പത്തൂർ-ചെന്നൈ ദേശീയപാത 544 ആറുവരി ബൈപ്പാസിൽ എ.കെ.വി.എൻ. ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. സേലം ഭാഗത്തേക്ക് ടൈൽസുമായി പോവുകയായിരുന്നു കണ്ടെയ്നർ ലോറി. മൂന്നുമീറ്ററോളം വീതിയുള്ള ഡിവൈഡറിൽ കയറി 100 മീറ്ററോളം ഓടി മറുഭാഗത്തെത്തി ബസിൽ ഇടിക്കുകയായിരുന്നു.
48 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണ് ബസിൽ ഉണ്ടായിരുന്നത്. ബസിനകത്തേക്ക് ഇടിച്ച് കയറിനിന്ന നിലയിലായിരുന്നു കണ്ടെയ്നർ. ഡ്രൈവറുടെ ഇരിപ്പിടംമുതൽ പിൻചക്രംവരെ ബസിന്റെ വലതുഭാഗം കണ്ടെയ്നറിലിടിച്ച് പൂർണമായും തകർന്നു. ഡ്രൈവർ ഉൾപ്പടെ മുൻഭാഗത്തുണ്ടായിരുന്ന നാലുപേർ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഇവരും മറ്റ് 12 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പന്ത്രണ്ടുപേർ ബസിൽനിന്ന് പരിക്കേൽക്കാതെ ഇറങ്ങിവന്നു. മറ്റുള്ളവരെ രക്ഷാപ്രവർത്തകരും നാട്ടുകാരുമാണ് പുറത്തെത്തിച്ചത്.

Loading...

ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചു കയറി എന്നായിരുന്നു ആദ്യ നിഗമനം. ഇത്തരമൊരു മൊഴിയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവര്‍ എ. ഹേമരാജും നല്‍കിയിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ടയര്‍ പൊട്ടിയത് അല്ല അപകട കാരണം എന്ന് കണ്ടെച്ചി. ടയര്‍ പൊട്ടിയതാണെന്ന ഹേമരാജിന്റെ വാദം മോട്ടോര്‍വാഹന വകുപ്പും തളളിക്കളഞ്ഞിട്ടുണ്ട്. കോയമ്പത്തൂര്‍ സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശം ചേര്‍ന്ന് വന്ന ലോറി ഡിവൈഡറില്‍ ഉരഞ്ഞ് 250 മീറ്ററോളം ഓടിയ ശേഷം ഡിവൈഡര്‍ മറികടന്ന് മറുഭാഗത്തെത്തി ബസില്‍ ഇടിച്ചു കയറിയത്. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് ഉറങ്ങി പോയതാണ് അപകടത്തില്‍ കലാശിച്ചത് എന്നാണ് ഇപ്പോള്‍ പുറത്ത് എത്തുന്ന വിവരം. ഡ്രൈവര്‍ ഇപ്പോള്‍ ഈറോഡ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മനപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേത് ആണ് കണ്ടെയ്‌നര്‍ ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കിയിരുന്നു.